കോട്ടയം: മുൻഗണനാ പട്ടികയിൽ കയറിക്കൂടി സൗജന്യ റേഷനും ആനുകൂല്യങ്ങളും സ്വന്തമാക്കിയവർക്കെതിരായ നടപടി കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. മുൻഗണനാ പട്ടിക, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളിൽ അനധികൃതമായി തുടർന്ന ജില്ലയിലെ 1631 കാർഡുകൾ കൂടി പിടിച്ചെടുത്തു. ഇവരെ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റാനും അർഹരെ ഉൾപ്പെടുത്താനും നടപടി ആരംഭിച്ചു.

കോട്ടയം,​ കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് കൂടുതൽ കാർഡുകൾ പിടിച്ചെടുത്തത്. ഒരംഗം മാത്രമുള്ളത്, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉൾപ്പെട്ടത്, മൂന്നു മാസമായി റേഷൻ വാങ്ങാത്തത് എന്നീ കാർഡുകളും പരിശോധനയ്ക്ക് വിധേയമാക്കി. കാർഡിലെ അംഗം മരിച്ചിട്ടും റേഷൻ വിഹിതം കൈപ്പറ്റിയവർക്കെതിരെയും നടപടിയെടുക്കും. ഇത്തരത്തിൽ അനധികൃതമായി വാങ്ങിയ റേഷന് പിഴയായി വിപണി വിലയാണ് ഈടാക്കുന്നത്. അരി കിലോയ്ക്ക് 30–32 രൂപയും ഗോതമ്പിന് 20–24 രൂപയും ഈടാക്കും. പണമടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. എന്നാൽ കാർഡ് സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവരെ പിഴ, നിയമനടപടി എന്നിവയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

അനർഹർ

1000ച.അടിക്ക് മുകളിലുള്ള വീട്

സർക്കാർ ജോലി, പെൻഷൻ

25000നുമേൽ മാസവരുമാനം

വിദേശരാജ്യങ്ങളിൽ ജോലി

സ്വകാര്യ നാലുചക്ര വാഹനം

ഒരേക്കറിൽ കൂടുതൽ ഭൂമി

ആദായനികുതി അടയ്ക്കുന്നവർ

റേഷൻ വാങ്ങാത്തവരും കുടുങ്ങി

മുൻഗണനാ വിഭാഗത്തിലായിട്ടും മൂന്ന് മാസമായി റേഷൻ വാങ്ങാത്തവർക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്. മറ്റാനുകുല്യങ്ങൾ നേടാനായി മാത്രം കാർഡ് കൈവശം വയ്ക്കുന്നവരാണ് ഇക്കൂട്ടരെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതുവരെ ജില്ലയിൽ നിന്ന് 2477 പേരെ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റി.

'' താലൂക്ക് തലത്തിലുള്ള പരിശോധന തുടരുകയാണ്. ജൂലായിൽ മുതലാണ് ജില്ലയിൽ പിഴയീടാക്കാൻ തുടങ്ങിയത്''

- ജില്ലാ സപ്ളൈ ഓഫീസർ

പിടിച്ചെടുത്തത്

1631

കാർഡുകൾ

പിഴയീടാക്കിയത്

1.30

ലക്ഷം രൂപ