ചങ്ങനാശേരി: നെട്ടോട്ടമാണ് അതും മൂക്കുപൊത്തി. ദുരിതം അത്രയ്ക്കാണ്. ദുർഗന്ധം ഓടാതെ നിർവാഹമില്ല. ചങ്ങനാശേരി നഗരസഭ കെട്ടിടത്തിന്റെ പിൻവശത്തെ റോഡാണ് ഇപ്പോൾ യാത്രക്കാരുടെ വില്ലൻ കഥാപാത്രം. ചിലർ അങ്ങനെയൊരു സാഹചര്യത്തിലേക്ക് റോഡിനെ തള്ളിവിട്ടെന്നു പറയാം. ഇപ്പോൾ മൂത്രപ്പുരയ്ക്കു സമാനമാണ് റോഡ്. അധികൃതരുടെ മൂക്കിൻകീഴിലാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ നടക്കുന്നത്. എന്നിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. പലരും പരാതി പറഞ്ഞു. പരാതിക്കാർ നാണംകെട്ടത് മിച്ചം. അരമനപ്പടി ഭാഗത്തു നിന്നും പെരുന്ന സ്റ്റാൻഡിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ദിനംപ്രതി നൂറ് കണക്കിനു കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ്. അടുത്ത കാലത്താണ് റോഡ് ഇന്റർലോക്ക് കട്ടകൾ പാകി സൗന്ദര്യവത്ക്കരിച്ചത്. ഇപ്പോൾ മാലിന്യങ്ങളും ഇവിടെയ്ക്ക് വലിച്ചെറിയുന്നുണ്ട്. ഒപ്പം നടുറോഡിലാണ് ചിലർ കാര്യംസാധിക്കുന്നത്. ദുർഗന്ധം മൂലം കാൽനടയാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയായി.