എലിക്കുളം : വാടകകെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എലിക്കുളം നാട്ടുചന്തയ്ക്ക് സ്വന്തമായി ആസ്ഥാനം എന്ന സ്വപ്‌നം സഫലമാകുന്നു. മാണി സി.കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് കാർഷികസമുച്ചയം നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായത്. പൊൻകുന്നം - പാലാ റോഡിൽ കുരുവിക്കൂട് ജംഗ്ഷനിൽ റവന്യുവകുപ്പിന്റെ കൈവശമുള്ള 12 സെന്റ് സ്ഥലം വിട്ടുകൊടുക്കണമെന്ന് എം.എൽ.എ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് വേളയിലും അതിനുശേഷവും നാട്ടുചന്തയിലെ കർഷക കൂട്ടായ്മ ഈ ആവശ്യമുന്നയിച്ച് അദ്ദേഹത്തെ കണ്ടിരുന്നു.
ഇതിനോടകം നാട്ടുകാരുടെ ആവേശമായി മാറിക്കഴിഞ്ഞ നാട്ടുചന്ത കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 300 സജീവ അംഗങ്ങളാണ് ചന്തയിലുള്ളത്. ഇവരുടെ നാടൻ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ പരസ്യലേലത്തിലൂടെ കൈമാറ്റം ചെയ്യുകയാണ്. എലിക്കുളം റൈസ്,നാടൻ പച്ചക്കറി,വളർത്തുമീൻ,കറവപ്പശു,ആട്,നാടൻകോഴി,കോഴിമുട്ട,തേൻ,വാഴക്കുല,കപ്പ,ചേന,ചേമ്പ് തുടങ്ങിയ നാട്ടുകാരുടെ പ്രിയപ്പെട്ട ഉത്പന്നങ്ങളാണ് ക്രയവിക്രയം നടത്തുന്നത്. എലിക്കുളം ഗ്രാമപഞ്ചായത്ത്,കൃഷിഭവൻ,തളിർ പച്ചക്കറി ഉല്പാദകസംഘം എന്നിവ സംയുക്തമായാണ് കുരുവിക്കൂട്ടിൽ നാട്ടുചന്തയ്ക്ക് തുടക്കം കുറിച്ചത്. സ്വന്തമായി ആസ്ഥാനമാകുന്നതോടെ മറ്റു വകുപ്പുകളുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ഇതോടൊപ്പം പ്രവർത്തിക്കാനാകും. കൃഷിവകുപ്പിന്റെ കീഴിലുള്ള ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയവയുടെ ഉപകേന്ദ്രങ്ങൾ ഇവിടെ തുടങ്ങാൻ കഴിയും. കാർഷികസമുച്ചയം നിർമ്മിക്കുന്നതിന് എം.എൽ.എ വഴി മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.