ചങ്ങനാശേരി: ജീവനക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കി ചങ്ങനാശേരി റവന്യൂ ടവറിൽ വെള്ളം മുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങളും അനേകം വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ വെള്ളമില്ലാത്തത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. താലൂക്ക് ഓഫീസ് പോലെയുള്ള സ്ഥാപനങ്ങൾക്കായി മാത്രം ഉച്ചയ്ക്ക് ഒന്നു മുതൽ അര മണിക്കൂർ നേരത്തേക്ക് മാത്രം വെള്ളം ലഭ്യമാക്കുന്നതായും ബാക്കി സ്ഥാപനങ്ങളിലെ ജീവനക്കാരെ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് പോലും നിവൃത്തിയില്ലാത്തതിനാൽ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകണമെങ്കിൽ വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരികയോ കുപ്പിവെള്ളം വാങ്ങുകയോ ചെയ്യണം. ടവർ കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് കൊടുത്തിരിക്കുന്ന പൈപ്പിന്റെ വാൽവ് കേടായതിനാലാണ് വെള്ളം ലഭിക്കാത്തത് എന്നാണ് ടവർ ജീവനക്കാർ പറയുന്നത്. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഒഴിവുള്ള ദിവസങ്ങളിൽ വെള്ളം ലഭിക്കാറില്ലെന്നും ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം വെള്ളം ടാങ്കിലേക്ക് സംഭരിക്കുന്നതായും ആക്ഷേപം ശക്തമാണ്. ടവറിന്റെ ശോചനീയാവസ്ഥ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ടോയ്‌ലെറ്റ് പ്രവർത്തിക്കുന്നത്. മഴ പെയ്യുമ്പോൾ ഭിത്തികളിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നതും ശുചീകരണ പ്രവർത്തനങ്ങളുടെ പോരായ്മയും ടവറിന്റെ ശോച്യാവസ്ഥയ്ക്കു കാരണമാകുന്നു. ടവറിന്റെ നടത്തിപ്പിനായി ഒരു മാനേജിംഗ് കമ്മറ്റി ഉണ്ടെങ്കിലും നിലവിൽ പ്രവർത്തനം കാര്യക്ഷമമല്ല.