കോട്ടയം: കോടതിവിധി അട്ടിമറിച്ച് പ്രവർത്തിക്കുന്ന പേവിംഗ് ടൈൽ കമ്പനിക്കെതിരെ പ്രദേശവാസികൾ രംഗത്ത്. കാണക്കാരി പഞ്ചായത്തിലെ ചെട്ടിക്കൽ ഹോളോബ്രിക്‌സ് കമ്പനിക്കെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്.

2015 മുതൽ ഇവിടെ ഹോളോബ്രിക്‌സ് കമ്പനി പ്രവർത്തിച്ചിരുന്നു. സമീപവാസികളുടെ സമ്മതപത്രമില്ലാതെയും പഞ്ചായത്ത് രാജ് നിയമങ്ങൾ പാലിക്കാതെയും നടത്തിയ കമ്പനി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നിറുത്തിയിരുന്നെങ്കിലും പിന്നീട് ഇതേ വ്യക്തി പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെ പേവിംഗ് ടൈൽ നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. നിയമം പാലിക്കാതെയുള്ള കമ്പനിയുടെ പ്രവർത്തനത്തിനെതിരെ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തിൽ 2018 മുതൽ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തു. എന്നാൽ, കമ്പനി ഉടമസ്ഥൻ ഹൈക്കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ കേസ് തീരുന്നതുവരെ താത്കാലികമായി കമ്പനി പ്രവർത്തിപ്പിക്കാൻ അനുമതി വാങ്ങി. തുടർന്ന് ഇയാൾ കേസ് പിൻവലിക്കുകയും ചെയ്തു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് താത്കാലിക പ്രവർത്തനാനുമതി നൽകുകയും, പിന്നീട് ലൈസൻസ് പുതുക്കി നൽകുകയുമാണ് ചെയ്തതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കേസ് നടക്കുന്നതുവരെയാണ് താത്കാലിക പ്രവർത്തനാനുമതി കോടതി നൽകിയത്. കേസ് പിൻവലിച്ചതോടെ പ്രവർത്തനാനുമതി ഇല്ലാതാകുമെന്ന നിയമോപദേശം പാലിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയില്ലെന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള സെക്രട്ടറിയുടെ മറുപടി. കമ്പനിയുടെ നിയമവിരുദ്ധമായ പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.

ഇ കെ സുകുമാരൻ, വി കെ കേശവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..