പാലാ : സർക്കാരിന് താത്പര്യമുള്ള കേസുകളിൽ കേരളാ പൊലീസിന് ന്യായത്തിന്റെ പക്ഷത്ത് നിന്നും
മാറേണ്ടിവരുന്നതായി എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് പറഞ്ഞു. പാലാ ജനമൈത്രി പൊലീസിന്റെ 2018-19 വർഷത്തെ മികച്ച റസിഡന്റ്‌സ് അസോസിയേഷനുള്ള അവാർഡ് വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു വ്യവസ്ഥാപിത
ഭരണകൂടത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ പൊലീസ് ഭരണനേതൃത്വത്ത അനുസരിക്കാൻ നിർബന്ധിതരാകുകയാണ്. മറിച്ചായിരുന്നെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന
കേരളത്തിലേത് ആയിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. പാലാ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ കിഡ്‌നി രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. പാലാ ഡി.വൈ.എസ്.പി കെ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സിനിമാ താരം മിയ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ അവാർഡ് വിതരണം സിനിമാതാരം ചാലി പാലാ നിർവഹിച്ചു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള, എസ്.ഐ പി.എ അബ്ബാസ്, റെജി മാത്യു, ട്രാഫിക് എസ്.ഐ ഷാജി സെബാസ്റ്റ്യൻ, ജോയിച്ചൻ പൊട്ടൻകുളം, അജേഷ് പി.എസ് എന്നിവർ സംസാരിച്ചു.