വെച്ചൂർ: അഞ്ചുമന പാലത്തിന്റെ കൈവരികൾ കണ്ടെയ്‌നർ ലോറിയിടിച്ച് തകർന്നതോടെ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ലോറി ഇടിച്ച് കുടവെച്ചൂർ അഞ്ചുമന പാലത്തിന്റെ ഒരു വശത്തെ കൈവരികൾ പൂർണമായി തകർന്നത്. വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പാലം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്നത് ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ്. വൈക്കം വെച്ചൂർ കുമരകം റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഈ പാലം നിർമ്മിച്ചത് 1956ലാണ്. വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഗതാഗതത്തിരക്കും കൂടുതലാണ്. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ ഒരു സമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാൻ സാധിക്കൂ. കാൽനടക്കാർക്ക് നിൽക്കാൻ പോലും സ്ഥലമില്ല. സമീപത്തുള്ള വിദ്യാലയത്തിലെത്താൻ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ പോകുന്നത്.
പുനർനിർമ്മാണത്തിന് പദ്ധതിയായി
വൈക്കം വെച്ചൂർ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് പദ്ധതി ആയിട്ടുണ്ട്. 93.74 കോടി രൂപയാണ് പദ്ധതി തുക. അഞ്ചുമന പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിക്കുന്നതും മറ്റ് പാലങ്ങൾ വീതി കൂട്ടുന്നതും അതിനുള്ള സമാന്തര പാലങ്ങളും എല്ലാം ഉൾപ്പെട്ടതാണ് പദ്ധതി തുക. പദ്ധതിക്ക് കീഫ് ബി അംഗീകാരമായി, സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവുമിറങ്ങി. സ്ഥലത്തിന്റെ വെരിഫിക്കേഷൻ നടപടികൾ അടുത്ത ദിവസം നടക്കും. തുടർന്ന് സാമൂഹിക ആഘാത പഠനം നടക്കും. അതിന് ചുരുങ്ങിയത് ആറ് മാസം വേണം. പിന്നീട് ജില്ലാ കളക്ടർ പരാതികൾ കേട്ട്, പരിഹരിച്ച്, അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. അതിന് ശേഷമാണ് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ രേഖകളുടെ അന്തിമ പരിശോധന. എല്ലാം കഴിഞ്ഞ് എഴുപത്തിയഞ്ച് ശതമാനം സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാലേ ടെണ്ടർ നടപടികളിലേക്ക് കടക്കാനാവൂ. എന്നാൽ അപകടനിലയിലായ പാലം പുനർനിർമ്മിക്കാൻ ഇതെല്ലാം കഴിയും വരെ കാത്തിരിക്കാനാവുന്നതെങ്ങനെയെന്ന് നാട്ടുകാർ ചോദിക്കുന്നു.