പാലാ : ഏറെ തർക്കങ്ങൾക്കും, ചർച്ചകൾക്കും ഒടുവിൽ പാലാ ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷനു മുന്നിലെ റൗണ്ടാനയ്ക്കും അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ പേരിടാൻ വോട്ടെടുപ്പോടെ നഗരസഭാ യോഗം തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുകൂടിയായ കൗൺസിലർ പ്രൊഫ. സതീഷ് ചൊള്ളാനിയും, കോൺഗ്രസ് അംഗമായ ലിസ്യൂ ജോസും തീരുമാനത്തെ അനുകൂലിക്കാത്തതും ശ്രദ്ധേയമായി. കോൺഗ്രസ് അംഗം മിനി പ്രിൻസ് അനുകൂലിച്ചു.
ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും സ്വാതന്ത്യ സമര സേനാനിയായിരുന്ന പ്രൊഫ. കെ.എം.ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോൺഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണൻ നായരുടെ പേര് നേരത്തേ തന്നെ സിവിൽ സ്റ്റേഷൻ റൗണ്ടാനയ്ക്കായി തീരുമാനിച്ചിരുന്നുവെന്ന് പ്രതിപക്ഷത്തെ റോയി ഫ്രാൻസിസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടീൽ തീരുമാനം തർക്കത്തിൽ കുടുങ്ങിയത്. ചർച്ച നടത്തി സമവായത്തിൽ എത്തണമെന്നായിരുന്നു ബി.ജെ.പി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ നിലപാട്.

ബിജു പാലൂപ്പടവിലും , അഡ്വ. ബെറ്റി ഷാജുവും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 22 പേരിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ 15 പേർ മാണിയുടെ പേരിടുന്നതിന് അനുകൂലിച്ചു. പ്രതിപക്ഷത്ത് ഹാജരായിരുന്ന 4 പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടിംഗിൽ പങ്കെടുത്തില്ല. രണ്ടു പേർ പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. എല്ലാവരുമായും സമന്വയമുണ്ടാക്കി തീരുമാനം എടുക്കുന്നതിൽ ചെയർപേഴ്‌സൺ ബിജി ജോജോ പരാജയപ്പെട്ടതായി വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പറഞ്ഞു.