കോട്ടയം : മീനച്ചിലാർ- മീനന്തറയാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയത്ത് തരിശുനില കൃഷി 5000 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്നു. 3000 കിലോമീറ്റർ തോടുകളിലേയ്ക്ക് നീരൊഴുക്ക് എത്തി മുഴുവൻ തരിശുനിലങ്ങളും കൃഷിയോഗ്യമാകുന്നതോടെ കോട്ടയം സമ്പൂർണഹരിത സാക്ഷരതയിലേയ്ക്കും കുതിക്കും. ഇതിന്റെ പ്രവർത്തനോദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ജനകീയ പങ്കാളിത്തത്തോടെ പുഴകളും തോടുകളും വീണ്ടെടുക്കുന്നതിനായാണ് മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ നദീ പുനർ സംയോജന പദ്ധതി ആവിഷ്കരിച്ചത്. ഈ മൂന്ന് നദികളും ബന്ധപ്പെടുത്തി 3000 കിലോമീറ്ററിലധികം നീളമുള്ള തോടുകളാണുള്ളത്. പലതും അടഞ്ഞ് ഉപയോഗശൂന്യവുമായിരുന്നു.

എല്ലാ തോടുകളെയും നദികളെയും ഉറവകൾ മുതൽ പതനസ്ഥാനം വരെ ബന്ധപ്പെടുത്തുന്ന 34 ഗ്രാമ പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

പ്രവർത്തനോദ്ഘാടനം 19ന് മൂന്ന് മണിക്ക് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിലാണ് നടക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. കളക്ടർ പി.കെ.സുധീർ ബാബു റിപ്പോർട്ട് അവതരിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കർഷകരെ ആദരിക്കും. തോമസ് ചാഴികാടൻ എം.പി, കെ.സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പി.ആർ. സോന, വി.എൻ.വാസവൻ, ജോഷിഫിലിപ്പ്, സി.കെ.ശശിധരൻ, എൻ.ഹരി. എം.റ്റി കുര്യൻ, അസീസ് കുമാരനല്ലൂർ, കാണക്കാരി അരവിന്ദാക്ഷൻ , സജി നൈനാൻ, അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും .

തെളിച്ചെടുത്തത്

1200

കി.മീറ്ററിലധികം

തോടുകൾ

ജനകീയ കൂട്ടായ്മ

തോ‌ടുകളുടെ പരസ്പര ബന്ധം വീണ്ടെടുക്കാനായിരുന്നു 2017 ആഗസ്റ്റ് 28ന് കോട്ടയത്ത് ജനകീയ കൂട്ടായ്മ രൂപം കൊണ്ടത്. വർഷങ്ങളായി തരിശായി കിടന്ന മെത്രാൻ കായലിൽ കൃഷി ഇറക്കിയതിന് പിറകേ രണ്ടു വർഷം കൊണ്ട് 3000 ൽ പരം ഏക്കർ തരിശുനിലങ്ങളിൽ നെൽകൃഷി ആരംഭിച്ചു. 1200കിലോമീറ്ററിലധികം നീളമുള്ള തോടുകൾ തെളിച്ചെടുത്തു.

കൂട്ടായ്മയുടെ നേട്ടങ്ങൾ

 വീണ്ടെടുത്ത തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി

 തോ‌ടുകൾ തെളിച്ച് നീരൊഴുക്ക് സുഗമമാക്കി

 പുഴകളിൽ സ്ഥാപിച്ച മാലിന്യ കുഴലുകൾ നീക്കി

 ഉൾനാടൻ മത്സ്യ പ്രജനനത്തിന്റെ തടസം നീക്കി

 5 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ജനകീയമാക്കി