വൈക്കം: ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിലെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. ടി.കെ. മാധവ സ്‌ക്വയറിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ് പ്രതിഷേധാഗ്‌നി തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ ആഡിറ്റോറിയത്തിൽ നിന്നും പുറപ്പെട്ട പ്രകടനം സെക്രട്ടറി എം.പി. സെൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി. വി. വിവേക്, സെക്രട്ടറി കെ. ടി. അനിൽകുമാർ, രതീഷ് അക്കരപ്പാടം, സലിംകുമാർ, രമേശ്, ശങ്കർദാസ്, ഹരികുമാർ, കെ. ആർ. ഷാജി, ഷീജാ സാബു, ബീന അശോകൻ എന്നിവർ സംസാരിച്ചു. ഒ.ബി.സി വിഭാഗങ്ങളെ രണ്ടായി തിരിച്ച് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും അൺഎയ്ഡഡ് സ്‌കൂളുകളിലെ ഈഴവ, വിശ്വകർമ്മജ, ഹിന്ദു നാടാർ, വിദ്യാർത്ഥികളെ മാത്രം ഒഴിവാക്കുകയും ചെയ്ത നടപടി ന്യായീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.