കോട്ടയം: ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ കർശനമാക്കിയ ആദ്യദിനം എല്ലാം പഴയപടി, പേരിന് മീറ്റർ പ്രവർത്തിപ്പിച്ചെങ്കിലും കൂലിയിനത്തിൽ യാതൊരു വ്യത്യാസമുണ്ടായില്ലെന്ന് യാത്രക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് അരങ്ങേറിയ മീറ്റർ വിവാദങ്ങളൊന്നും അറിയാത്തവരും എല്ലാം അറിഞ്ഞവരും ഇന്നലെ ഓട്ടോറിക്ഷയിൽ യാത്രചെയ്തു. പതിവ് യാത്രക്കാർ പതിവ് കൂലിതന്നെ കൊടുത്തപ്പോൾ അപരിചിതരായവർ ഓട്ടോക്കാരൻ ചോദിച്ച കൂലിയും നൽകി സ്ഥലംവിട്ടു. പരാതിപ്പെട്ട് യാത്രക്കാർക്ക് 'അതൊന്നും പ്രായോഗികമല്ലെന്ന' മറുപടിയും കിട്ടി. യാത്രചെയ്യുന്ന ദൂരത്തിന് യഥാർത്ഥ കൂലി മാത്രമെ ഈടാക്കുന്നുള്ളു എന്ന് ഉറപ്പുവരുത്താൻ നടപ്പാക്കിയ നിയമവും ഫലത്തിൽ പരണത്തുതന്നെ. വണ്ടിക്കൂലി ഇനത്തിൽ ചെലവായതിനെക്കാൾ വലിയനഷ്ടം സഹിക്കേണ്ടിവരുമെന്നതിനാൽ പരാതിപ്പെടാൻ പോകാറില്ലെന്ന് യാത്രക്കാർ പറയുന്നു. പണത്തിന്റെ പേരിൽ തർക്കിച്ച് നിൽക്കാൻ സമയമില്ലാത്തതിനാൽ പല യാത്രക്കാരും അതിന് തുനിയാറുമില്ല. ഇതുതന്നെയാണ് ആശുപത്രികളിലേക്കും സർക്കാർ ആഫീസുകളിലേക്കുമൊക്കെ സമയത്ത് എത്താൻ ഓട്ടോറിക്ഷ വിളിക്കുന്ന സാധാരണക്കാരുടെ അവസ്ഥ. ട്രാഫിക് കുരുക്കുകാരണം നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള തത്രപ്പാടിനിടെ ഓട്ടോക്കാരൻ അഞ്ചോ, പത്തൊ അധികം വാങ്ങിയാൽ തർക്കിക്കാനും പോകില്ല. ഇത് മുതലെടുക്കാനാണ് ചില ഓട്ടോക്കാരെങ്കിലും ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിന് മീറ്റർ സംവിധാനം പരിഷ്കരിക്കുകയും നഗരത്തിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ നിറം ഏകീകരിക്കുകയും ചെയ്യണമെന്നാണ് പൊതുവായ നിർദ്ദേശം.
'ഓട്ടോറിക്ഷകൾക്ക് സർക്കാർ അംഗീകരിച്ച മിനിമം നിരക്ക് കിലോ മീറ്ററിന് 12 രൂപയാണ്. ഇതുപോലെ ടാക്സി കാറുകൾക്കും മിനിമം നിരക്കുണ്ട്. ടാക്സി കാറുകൾക്ക് സവാരിക്കും മടക്കയാത്രക്കും ചേർത്താണ് വാടക ഈടാക്കുന്നത്. അതുപോലെ ഓട്ടോ റിക്ഷകൾക്കും സവാരിയുടെയും മടക്കയാത്രയുടെയും വാടക നൽകിയാൽ പ്രശ്നം പരിഹരിക്കാം. എത്രകിലോമീറ്റർ സഞ്ചരിച്ചു എന്ന് യാത്രക്കാർക്ക് ബോധ്യപ്പെടാൻ ദൂരം മീറ്ററിൽ കാണിക്കണം. ഓട്ടോ റിക്ഷാ ഡ്രൈവർക്കും നഷ്ടം ഉണ്ടാകില്ല'.
: - കെ.എസ്. പത്മകുമാർ ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം.