പാലാ : പാലാ ജനറൽ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ പ്രഭാത ഭക്ഷണം വിളമ്പും. 25 ന് രാവിലെ 7 മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി ചൂട് ഇഡ്ഡലിയും ചട്ണിയും കഴിക്കാം. സേവാഭാരതി ട്രസ്റ്റായ മാനവ സേവാ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് 'സേവാമൃതം പദ്ധതി ' ആരംഭിക്കുന്നതെന്ന് നേതാക്കളായ ഡോ.എൻ. കെ. മഹാദേവൻ , കെ.എൻ. വാസുദേവൻ, വി. മുരളീധരൻ, ബിജു കൊല്ലപ്പിള്ളി, അഡ്വ. ഡി. പ്രസാദ് എന്നിവർ പറഞ്ഞു.
ഇരുനൂറിൽപ്പരം കിടപ്പു രോഗികളാണ് പാലാ ജനറൽ ആശുപത്രിയിലുള്ളത്. അത്ര തന്നെ കൂട്ടിരിപ്പുകാരുമുണ്ടാകും. ഇവർക്കായി ദിവസവും ഇഡ്ഡലിയും ചട്ണിയും തയ്യാറാക്കാൻ കുറഞ്ഞത് നാലായിരം രൂപയെങ്കിലും പ്രതിദിനം വേണ്ടിവരും. ഉദാരമതികളിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്ന് സേവാമൃതം കൺവീനർ ബിജു കൊല്ലപ്പിള്ളി പറഞ്ഞു. ഇതിനോടകം മൂന്നു മാസത്തേക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള തുക ലഭിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവർ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൺമറഞ്ഞ പ്രിയപ്പെട്ടവരുടെ അനുസ്മരണാദിനത്തിലും കുടുംബങ്ങളിലെ വിശേഷ ദിവസങ്ങളിലും 'സേവാമൃത'ത്തിന്റെ ഭാഗമാകാൻ ജനങ്ങൾ മുന്നോട്ടു വരുന്നുണ്ട്. അത്തരം ദിനങ്ങളിൽ, തുക സംഭാവന നൽകിയിട്ടുള്ളവർക്ക് ഭക്ഷണം നേരിട്ട് വിളമ്പി നൽകാനുള്ള സൗകര്യവുമുണ്ട്. 24 ന് വൈകിട്ട് 5.30 ന് അരുണാപുരം സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ മുൻ ഡി. ജി.പി ഡോ. ടി.പി. സെൻ കുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. കെ.എൻ. വാസുദേവൻ അദ്ധ്യക്ഷത വഹിക്കും.
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എൻ.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി. മാത്യു പ്രഭാത ഭക്ഷണ വിതരണത്തിന്റെ അനുമതി പത്രം സേവാഭാരതിക്ക് കൈമാറും. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ മുഖ്യാതിഥിയായിരിക്കും. വി.മുരളീധരൻ, ഡോ. എൻ.കെ. മഹാദേവൻ ,ബിജു കൊല്ലപ്പിള്ളി, അഡ്വ.ഡി.പ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.
ദൈവാനുഗ്രഹത്തിന്റെ പദ്ധതി
സേവാമൃതം പദ്ധതി സത്യത്തിൽ ദൈവാനുഗ്രഹത്തിന്റെ പദ്ധതിയാണ്. പാവപ്പെട്ട രോഗികൾക്ക് ദിവസവും രാവിലെ തികച്ചും സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിക്കൊടുക്കും
ബിജി ജോജോ,
നഗരസഭാ ചെയർപേഴ്‌സൺ
മാതൃകാപരമായ പ്രവൃത്തി
സേവാഭാരതി നടപ്പാക്കുന്നത് ഇതര സന്നദ്ധ സേവകർക്ക് കൂടി മാതൃകയാകുന്ന കാരുണ്യത്തിന്റെ പദ്ധതിയാണ്. ഇത് നിലയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള എല്ലാ പ്രാർത്ഥനകളും നേരുന്നു.
ഡോ. അഞ്ജു. സി. മാത്യു.
ജനറൽ ആശുപത്രി സൂപ്രണ്ട്