ചങ്ങനാശേരി: ഖത്തറിലെ കമ്പനിയിൽ മൂന്നു കോടി രൂപയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ചങ്ങനാശേരി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ഖത്തറിൽ ജലസേചന സാമഗ്രികൾ വില്പന നടത്തുന്ന ഫീൽഡ് ഇൻഡസ്ട്രിയൽ സപ്ലൈസിലെ ജീവനക്കാരനായിരുന്ന വാഴപ്പള്ളി സ്വദേശി ശ്യാം നടരാജന് (40) എതിരെ കമ്പനിയുടെ കടവന്ത്രയിലുള്ള ഉടമ ഫ്രാൻസിസ് ജോർജ് ഫ്രെഡറിക് നല്കിയ പരാതിയിൽ ചങ്ങനാശേരി സി.ഐ പി.വി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
2013-ൽ ഖത്തറിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ശ്യാം 2017 മുതൽ 2019 വരെ കസ്റ്റംസ് നികുതി അടയ്ക്കുന്നതിനായി കമ്പനി നല്കിയ തുകയിലാണ് തിരിമറി നടത്തിയത്. കസ്റ്റംസ് തീരുവ ശ്യാം വാങ്ങിയെടുക്കുകയും വ്യാജരേഖ ചമച്ച് കുറച്ചു തുക മാത്രം അടയ്ക്കുകയും ബാക്കി തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കമ്പനി ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ നല്കിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കമ്പനി ഉടമകൾ നടത്തിയ അന്വേഷണത്തിൽ ചങ്ങനാശേരിയിലെ വിവിധ ബാങ്കുകളിലായി ശ്യാമിന്റെ പേരിൽ രണ്ടു കോടി 60 ലക്ഷം രൂപ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഖത്തറിലെ കമ്പനിയിൽ 2019 ജനുവരി 30ന് 20 ലക്ഷത്തോളം രൂപയുടെ മോഷണം നടന്നിരുന്നു. ഇതുസംബന്ധിച്ച് കമ്പനി ഉടമകൾ അവിടെ പരാതി നല്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് ഒൻപതിന് ശ്യാം പെട്ടെന്ന് കമ്പനിവിട്ട് നാട്ടിലേക്കു മടങ്ങിയത് ഉടമകളിൽ സംശയം ഉയർത്തിയിരുന്നു.