കോട്ടയം: മാർക്ക് ദാന വിവാദത്തിൽ എം.ജി സർവകലാശാല ആസ്ഥാനത്ത് പ്രോ വൈസ് ചാൻസലറെ പതിനഞ്ച് മിനിറ്റിലധികം കെ.എസ്.യു പ്രവർത്തകർ തടഞ്ഞുവച്ചു.
വൈസ് ചാൻസലറെ തടയാനാണ് പ്രവർത്തകർ എത്തിയത്. എന്നാൽ അദ്ദേഹത്തെ കാണാഞ്ഞതിനാൽ പത്തുമണിയോടെ പ്രോ വൈസ് ചാൻസലർ സി.ടി അരവിന്ദകുമാർ എത്തിയപ്പോൾ പ്രവർത്തകർ പാഞ്ഞെത്തി തടയുകയായിരുന്നു. പ്രവർത്തകർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പ്രധാനവാതിൽ പൂട്ടിയിട്ടു. സുരക്ഷാ ജീവനക്കാരും പ്രോ വി.സിയും അകത്തേയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പ്രതിരോധിച്ചു. പൊലീസ് എത്തിയെങ്കിലും കെ.എസ്.യുക്കാർ പിന്മാറിയില്ല. പ്രോ.വി.സിയെ പിൻവശത്തെ വാതിൽ വഴിയാണ് ഓഫീസിൽ എത്തിച്ചത്. സമരക്കാരെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മാറ്റി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജോബിൻ ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ജില്ലാ ഭാരവാഹികളായ ഡെന്നിസ് ജോസഫ്, ബിബിൻ വർഗീസ്, ഡോൺ കരിങ്ങട, യശ്വന്ത് സി. നായർ, അശ്വിൻ മോട്ടി, ജിത്തു ജോസ് ഏബ്രഹാം, എബിൻ ആന്റണി അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി