കോട്ടയം: സമൂഹത്തിന് പകർന്നു നൽകുന്ന അറിവുകൾ ശാസ്ത്രീയവും ധർമ്മാധിഷ്ഠിതവുമാകണമെന്ന് ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ഗുരുധർമ്മപ്രചരണസഭ മാതൃസഭയുടെ ആഭിമുഖ്യത്തിലുള്ള ബ്രഹ്മവിദ്യാ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുനക്കരയിലെ ജില്ലാ ഓഫീസിൽ നിർവഹിക്കുകയായിരുന്നു സ്വാമി. ഗുരുദേവൻ നിഷേധിച്ച ആചാരാനുഷ്ഠാനങ്ങൾ മടക്കി കൊണ്ടുവരുന്ന രീതിയാണ് ഇന്ന് പലയിടത്തും കാണുന്നത്. വാണിജ്യവത്കരണത്തിന്റെ ഭാഗമായി ഭക്തരെ ചൂഷണം ചെയ്യുന്ന പ്രവണതകൾ ഇല്ലാതാകണം. വിവാഹം, മരണാനന്തര ചടങ്ങുകൾ മുതലായവ കുടുംബാംഗങ്ങൾക്ക് താങ്ങാനാവും വിധമാകണം. അനാവശ്യമായ രീതികളെ നിരുത്സാഹപ്പെടുത്തി ഗുരുവിന്റെ ഉപദേശം ബോദ്ധ്യപ്പെടുത്താനുള്ള ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ കഴിയണമെന്നും സ്വാമി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിച്ചു. സഭ രജിസ്ട്രാർ റ്റി.വി.രാജേന്ദ്രൻ, പി.ആർ.ഒ.ഇ.എം.സോമനാഥൻ, ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ, സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ മോഹനകുമാർ എസ്.എൻ.പുരം ,മാതൃസഭ ജില്ലാ പ്രസിഡന്റ് സോഫീ വാസുദേവൻ, സെക്രട്ടറി ഷൈലജാ പൊന്നപ്പൻ കമ്മിറ്റിയംഗം ശശീധരൻ മഞ്ചാടിക്കരി, കോട്ടയം മണ്ഡലം സെക്രട്ടറി കൃഷ്ണൻകുട്ടി, കേന്ദ്രസമിതിയംഗം ഡോ.ഗിരിജാ പ്രസാദ് ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം എന്നിവർ പ്രസംഗിച്ചു.