വൈക്കം: ക്ഷേത്രനഗരിക്ക് സുരക്ഷയൊരുക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി ടി.വി ക്യാമറകളുടേയും കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം നാളെ നടക്കും. സി.കെ ആശ എം.എൽ.എ നടപ്പിലാക്കുന്ന സ്മാർട്ട് വൈക്കം പദ്ധതിയിൽപെടുത്തി 38 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. നാലു റൊട്ടേറ്റിംഗ് ക്യാമറ അടക്കം ആകെ 42 ക്യാമറകളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. ക്യാമറകളെയെല്ലാം പൊലീസ് സ്‌റ്റേഷനിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കായലോര ബീച്ച്, ബോട്ട്‌ജെട്ടി, താലൂക്ക് ആശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കൊച്ചുകവല, വലിയകവല, ലിങ്ക് റോഡ്, ദളവാക്കുളം ബസ് സ്റ്റാൻഡ്, വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങൾ, ചേരുംചുവട്, ടി.വി.പുരം റോഡ്, തോട്ടുവക്കത്തെ പാലങ്ങൾ, കച്ചേരികവല എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ ബീച്ച്, ബോട്ട് ജെട്ടി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ദളവാക്കുളം എന്നിവിടങ്ങളിലാണ് റൊട്ടേറ്റിംഗ് ക്യാമറകൾ സ്ഥാപിക്കുന്നത്. വൈകിട്ട് അഞ്ചിന് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ ക്യാമറകളുടെയും കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി പി.എസ് ബാബു മുഖ്യാതിഥി ആയിരിക്കും. വൈക്കം എ.എസ്.പി അരവിന്ദ് സുകുമാർ ഉപഹാരസമർപ്പണം നടത്തും. നഗരസഭാ പ്രതിപക്ഷനേതാവ് എം.ടി അനിൽകുമാർ, വാർഡ് കൗൺസിലർ ആർ.സന്തോഷ്, വൈക്കം സി.ഐ എസ്.പ്രദീപ്, എ.എം.വി.ഐ ഭരത് ചന്ദ്രൻ, ജനമൈത്രി സി.ആർ.ഒ പി.സുരേഷ് എന്നിവർ പ്രസംഗിക്കും.