കോട്ടയം : വാറ്റ് നികുതിയുമായി ബന്ധപ്പെട്ട് തീർപ്പുകല്പിച്ച ഫയലുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സമർപ്പിക്കണമെന്നും പിഴയടയ്ക്കണമെന്നുമുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ വ്യാപാരികൾ 22ന് നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

6 വർഷം മുമ്പ് സമർപ്പിച്ച കണക്കുകൾ 4 ദിവസത്തിനകം വീണ്ടും ഹാജരാക്കിയില്ലെങ്കിൽ ല്കഷങ്ങളും കോടികളും പിഴ അടയ്ക്കണമെന്ന് കാണിച്ചാണ് വ്യാപാരികൾക്ക് നോട്ടീസ് ലഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമാന്ദ്യവും നേരിടുന്നതിനിടെ ഇത്തരം ഭീഷണികൾ കൂടിയായാൽ വ്യാപാരമേഖല നിശ്ചലമാകും. വാറ്റ് നിയമം നിലവിലുണ്ടായിരുന്ന 2013 - 2014 കാലത്തെ കണക്കുകളിൽ ക്രമക്കേടുണ്ടെന്നും വിശദീകരണം നൽകണമെന്നുമാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് തങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്ന് വ്യാപാരികൾ ആരോപിച്ചു.

ഇത്തരം ദ്രോഹനടപടികളിൽ നിന്ന് നികുതി വകുപ്പും സർക്കാരും പിന്മാറണമെന്ന് ആവശ്യപ്പെട്ട് 22ന് രാവിലെ 10ന് ജില്ലയിലെ മുഴുവൻ വ്യാപാരികളും കോട്ടയത്ത് പ്രകടനവും കളക്ട്രേറ്റിൽ നികുതിവകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പിൽ ധർണയും നടത്താൻ ഇന്നലെ ചേർന്ന കെ.വി.വി.ഇ.എസ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.കെ. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, വൈസ് പ്രസിഡന്റ് മാരായ ഹാജി കെ.എച്ച്.എം ഇസ്മായിൽ, മാത്യു ചാക്കോ, മുജീബ് റഹ്മാൻ, പി.സി. അബ്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ. മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ. വർഗീസ്, കമാണ്ടർ ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.