കോട്ടയം: തമിഴ്നാട്ടിൽ കുളമ്പുരോഗം വ്യാപകമായി. കേരളത്തിൽ മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. പാൽ ഉല്പാദനം കൂട്ടാൻ സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപ വായ്പയും സബ്സിഡിയും വിതരണം ചെയ്യുന്നതിനിടയിൽ തമിഴ്നാട്ടിലെ കുളമ്പുരോഗം കേരളത്തിലെ കർഷകർക്കിടയിൽ ആശങ്കപരത്തുകയാണ്. ഇതോടെ കുളമ്പുരോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്ത് എത്തിക്കഴിഞ്ഞു.
നിരവധി കർഷകർ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പശുക്കളെയും എരുമകളെയും കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ആറു മാസം ചെനയുള്ള പശുവിന് കേരളത്തിൽ 50,000 രൂപ മുതൽ 70,000 രൂപ വരെ വില നല്കണം. തമിഴ്നാട്ടിലാണെങ്കിൽ ഇതിന് 30,000 രൂപയിൽ കൂടുതൽ നൽകേണ്ടി വരില്ല. പത്തും ഇരുപതും പശുക്കളെ ലോറിയിൽ കയറ്റി കേരളത്തിലെത്തിച്ചാലും ഒരു പശുവിന് 35,000 രൂപയിൽ കൂടുതൽ വില വരില്ല. അതിനാൽ ബാങ്ക് വായ്പയെടുത്ത ക്ഷീര കർഷകർ കൂട്ടമായി പശുക്കളെ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരിക സാധാരണമാണ്.
കുളമ്പുരോഗം തമിഴ്നാട്ടിൽ പടർന്നതോടെ അവിടെ നിന്നും പശുക്കളെയും എരുമകളെയും കൊണ്ടുവരുന്നതിന് മൃഗസംരക്ഷമ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ കൊണ്ടുവന്ന പശുക്കൾക്കും എരുമകൾക്കും നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് നടത്തണമെന്ന നിർദ്ദേശം മൃഗസംരക്ഷണ വകുപ്പ് ക്ഷീരകർഷകർക്ക് നല്കിയിട്ടുണ്ട്. കേരളത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു യജ്ഞം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. എന്നാൽ കുളമ്പുരോഗ ഭീഷണിയില്ലെങ്കിലും കുത്തിവയ്ക്കാത്ത കന്നുകാലികളിൽ രോഗം പടരാൻ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് വില കുറച്ച് കാലികളെ നൽകാൻ തമിഴ്നാട് ലോബികൾ കേരളത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസത്തിലധികമായി. പാൽ ഉല്പാദന ശേഷിയുള്ള പശുക്കളെ ആയിരുന്നു ആദ്യം ഇവർ കേരളത്തിലെത്തി വില്പന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുളമ്പ് രോഗം ബാധിച്ച കന്നുകാലികളെയാണ് എത്തിക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽ നിന്നും കഴിഞ്ഞമാസം ഇവർ എത്തിച്ച ഏതാനും പശുക്കൾക്ക് കുളമ്പുരോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പരിശോധന കർശനം
യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നത്. ചെക്ക് പോസ്റ്റുകളിൽ ഇതുസംബന്ധിച്ച് പരിശോധനയും നടന്നിരുന്നില്ല. എന്നാൽ കുളമ്പുരോഗം തമിഴ്നാട്ടിൽ പരന്നുവെന്ന സൂചന ലഭിച്ചതോടെ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളിൽ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഒന്നാണ് കുളമ്പരോഗം. പശു, എരുമ, ആട് തുടങ്ങി ഇരട്ടക്കുളമ്പുകളുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസാണ് കുളമ്പ് രോഗം. തമിഴ്നാട്ടിൽ പൊള്ളാച്ചി, തേനി, പുളിയംപെട്ടി പ്രദേശങ്ങളിൽ കുളമ്പുരോഗ ബാധ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിനു ലഭിച്ച വിവരം. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പൊള്ളാച്ചിയിൽ പ്രതിരോധ കുത്തിവയ്പ് യജ്ഞം നടന്നുവരികയാണ്. വൈറൽ രോഗമാണ് കുളമ്പുരോഗം. ശക്തിയായ പനി, മൂക്കൊലിപ്പ്, ഉമിനീർ ധാരധാരയായി ഒഴുകി കൊണ്ടിരിക്കുക, തീറ്റയെടുക്കാനും അയവിറക്കാനും ബുദ്ധിമുട്ട് നേരിടുക, പാലുത്പാദനം കുറയുക തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ വായിലും മൂക്കിലും കുളമ്പുകൾക്കിടയിലും ഉണ്ടാകുന്ന ചെറിയ കുമിളകൾ പൊട്ടി വ്രണങ്ങളാകുന്നു. ചില സന്ദർഭങ്ങളിൽ അകിടിലും മറ്റും കാണപ്പെടുന്ന ഈ വ്രണങ്ങളിൽ പുഴുവരിക്കാനും സാദ്ധ്യതയുണ്ട്.