പാലാ: സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് മികച്ച പാരമ്പര്യമുള്ള മൺമറഞ്ഞനേതാക്കളെ സ്വകാര്യഗൂഢതാത്പര്യങ്ങൾക്കായി തെരുവിൽ അവഹേളനാചിത്രമാക്കുന്ന ക്രൂരമായ നടപടി ബന്ധപ്പെട്ടവർ ഉടൻ അവസാനിപ്പിക്കണമെന്ന് കോട്ടയം ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും സ്വാതന്ത്ര്യ സമര സേനാനി പ്രൊഫ.കെ. എം. ചാണ്ടിയുടേയും മഹാകവി പാലാ നാരായണൻ നായരുടേയും പേരുകൾ ഇടുന്നത് സംബന്ധിച്ച് നഗരസഭായോഗത്തിൽ ഉണ്ടായ തർക്കത്തെ സംബന്ധിച്ചാ
ണ് ചന്ദ്രമോഹന്റെ പ്രസ്താവന. ഒരു തീരുമാനം റദ്ദാക്കാതെ പുതിയ തീരുമാനത്തിലേക്ക് മുനിസിപ്പൽ കൗൺസിൽ കടന്നത് നിയമപരമായി തെറ്റാണെന്ന് തദ്ദേശസ്വയംഭരണ പരിശീകൻകൂടിയായ ചന്ദ്രമോഹൻ ചൂണ്ടിക്കാട്ടി. ചരിത്രപുരുഷന്മാരെ അവഹേളിക്കുന്നത് ഭാവിയിൽ തങ്ങളേയും പിന്തുടരുമെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാലായിലെ ജനമനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് ഏ.കെ. ചന്ദ്രമോഹൻ പറഞ്ഞു. ഏറെ തർക്കങ്ങൾക്കും, ചർച്ചകൾക്കും ഒടുവിൽ പാലാ ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷനു മുന്നിലെ റൗണ്ടാനയ്ക്കും അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുടെ പേരിടാൻ വോട്ടെടുപ്പോടെ പാലാ നഗരസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.