g-sukumaran-nair

ചങ്ങനാശേരി: ഉപതിരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ് ശരിദൂരം സ്വീകരിച്ചത് സാമൂഹ്യനീതിക്കുവേണ്ടിയാണെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കി എന്തെങ്കിലും നേടിയെടുക്കാനല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സ്ഥാനമാനങ്ങൾക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല ഈ നിലപാടെന്ന് ‌രാഷ്ട്രീയനേതൃത്വങ്ങൾ മനസിലാക്കണമെന്ന് കാനം രാജേന്ദ്രനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ലെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. അതെല്ലാം സമുദായാംഗങ്ങൾ തള്ളിയിട്ടേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമദൂരത്തിൽനിന്നു ശരിദൂരത്തിലേക്ക് പോകാൻ കാരണം ശബരിമല പ്രശ്നം മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ചിലർ നടത്തുന്നത്. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ല എന്നതുതന്നെയാണ് ശരിദൂരത്തിന്റെ പ്രധാന കാരണം. ഇടതുപക്ഷ ഗവൺമെന്റ് വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായാണ്‌ നിലകൊള്ളുന്നത്. നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിയും ജാതി-മതചിന്തകൾ ഉണർത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കിയും രാഷ്ട്രീയമുതലെടുപ്പിനും ശ്രമിക്കുന്നു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്കവിഭാഗത്തെ ബോധപൂർവം അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.


മുന്നാക്കവിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എൻ.എസ്.എസിന്റെ നിലപാടിനെ നിസാരമാക്കി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുകുമാരൻനായർ പറഞ്ഞു.