കോട്ടയം : ശബരിമല വിമാനത്താവളത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയരുമ്പോഴും ശബരി റെയിൽ പാത എങ്ങുമെത്താതെ നിൽക്കുന്നു. മലയോര മേഖലയുടെ വികസനത്തിന് നിർണായക പങ്ക് വഹിച്ചേക്കാവുന്ന ശബരി റെയിൽ ഏതാണ്ട് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്.

അങ്കമാലിയിൽ തുടങ്ങി കാലടി, പെരുമ്പാവൂർ, ഓടാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, തെന്മല, കുളത്തൂപ്പുഴ, നെടുമങ്ങാട്, പാലോട് വഴി തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളുടെ വികസനത്തിന് വഴിയൊരുക്കുന്നതായിരുന്നു നിർദ്ദിഷ്ട റെയിൽവേ .

പ്രധാനമന്ത്രി ഇടപെട്ടിട്ടുപോലും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പദ്ധതികളിൽ ഒന്നാണ് ശബരി റെയിൽവേ. 21 വർഷങ്ങൾക്ക് മുമ്പ് പദ്ധതിക്ക് അനുമതി നൽകുമ്പോൾ 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. സ്ഥലമേറ്റെടുക്കൽ വൈകിയതോടെ ചെലവ് 1566 കോടിയായും പിന്നീട് 2018ൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 2815 കോടിയായും ഉയർന്നു.എസ്റ്റിമേറ്റ് തുക വർദ്ധിച്ചതോടെയാണ് ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദേശം റെയിൽവേ മുന്നോട്ടു വച്ചത്. അതിനു തയാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഫയൽ കാബിനറ്റിൽ വന്നിട്ടില്ല.

എട്ടു കിലോമീറ്ററോളം മാത്രമാണ് ശബരിപാത പൂർത്തീകരിച്ചത്. അങ്കമാലിയിൽ തുടങ്ങി എരുമേലി വരെ 14 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. കൂടുതൽ സ്ഥലം നഷ്ടപ്പെടാത്തതും പരിസ്ഥിതി ആഘാതം കുറക്കുന്നതുമായ ആദ്യ സർവേ അനുസരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് മലയോര നിവാസികളുടെ ആവശ്യം.

മലയോര മേഖലയുടെ വികസനം സാദ്ധ്യമാകും

ദേശീയതീർത്ഥാടനകേന്ദ്രമായി ശബരിമല ഉയരും

തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകും

 മദ്ധ്യ തിരുവിതാംകൂറിനും വൻ വികസനമാകും

ചെലവിൽ വന്ന വർദ്ധന (കോടിരൂപയിൽ)

550

1566

2815

ശബരിമല വിമാനത്താവളം, റെയിൽവേ എന്നിവ മുൻ നിറുത്തി പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലകളിലെ ജനപ്രതിനിധികളേയും വിവിധ മേഖലയിലെ പ്രമുഖരെയും ഉൾപ്പെടുത്തി വികസന ഫോറം രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.

-വിനായകൻ, എരുമേലി നിവാസി