കോട്ടയം: ചുങ്കം സി.എം.എസ് സ്‌കൂളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുട്ടികൾ സൂക്ഷിച്ചിരുന്ന പണം മോഷ്‌ടാവ് കവർന്നു. 12,000 രൂപയാണ് നഷ്ടമായത്. സ്‌റ്റാഫ് റൂമിന്റെ താഴ് തകർത്ത നിലയിലും അലമാരയുടെ പൂട്ട് ഇളക്കി മാറ്റിയ നിലയിലുമാണ്. കുട്ടികൾ പണം സമാഹരിക്കുന്ന 18 ബോക്‌സുകൾ കുത്തിത്തുറന്ന ശേഷം അലമാരയുടെ പുറത്ത് വച്ചിട്ടുണ്ടായിരുന്നു. ഇതിലെ ചില്ലറ അടക്കം കള്ളൻ തൂത്തുപെറുക്കിക്കൊണ്ടു പോയി. മറ്റു വസ്‌തുക്കളൊന്നും നഷ്‌ടമായിട്ടില്ല. രണ്ടുമാസം മുമ്പും സമാനരീതിയിൽ 3000 രൂപ മോഷണം പോയിരുന്നു.
സമീപത്തെ സി.എൻ.ഐ എൽ.സി സ്‌കൂളിലും മോഷണശ്രമം നടന്നു. ഇവിടെ ഹെഡ്മാസ്റ്ററുടെ മുറിയുടെ വാതിൽ തകർത്തിട്ടുണ്ട്. അലമാരയിൽ നിന്ന് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. മേശ പരിശോധിച്ചിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.