രാമപുരം : വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിൽ പങ്കെടുക്കാനും കബറിടത്തിങ്കൽ പ്രാർഥിക്കുന്നതിനുമായി ഇന്നലെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു വിശ്വാസികളുടെ നിരന്തരപ്രവാഹമാണുണ്ടായത്. നാനാജാതി മതസ്ഥരായ ആയിരങ്ങൾ കുഞ്ഞച്ചന്റെ തിരുനാളിൽ പങ്കെടുത്ത് നേർച്ചകാഴ്ചകൾ അർപ്പിക്കുകയും നേർച്ച സദ്യയിൽ പങ്കെടുക്കുകയും ചെയ്തു. പുലർച്ചെ മുതൽ രാത്രി വരെ വിശ്വാസികളുടെ പ്രവാഹമാണ് കാണപ്പെട്ടത്. രാവിലെ ഒൻപതോടെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ച ഭക്ഷണം വെഞ്ചരിച്ചു. വിശാലമായ പള്ളിമുറ്റത്ത് സജ്ജീകരിച്ച 11 കൗണ്ടറുകളിലായി നേർച്ച ഭക്ഷണം വിതരണം ചെയ്തു. 11.30ടെ ഡി.സി.എം.എസ് പാലാ രൂപതയുടെ നേതൃത്വത്തിലുള്ള തീർഥാടകസംഘം പള്ളിമൈതാനത്ത് എത്തിയപ്പോൾ വികാരി റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേലും സഹവൈദികരും ചേർന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 12ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപവും സംവഹിച്ച് പ്രദക്ഷിണം നടത്തി. ഭക്തിയുടെ നിറവിൽ ആയിരങ്ങൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. 3000 കിലോഗ്രാം അരിയും 500 കിലോ പയറും 500 ലിറ്റർ തൈരും നേർച്ച ഭക്ഷണത്തിനായി വിനിയോഗിച്ചു. വികാരി റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ റവ.ഡോ.സെബാസ്റ്റ്യൻ നടുത്തടം, സഹവികാരിമാർ, ട്രസ്റ്റിമാർ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.