കോട്ടയം: ദുർബലമായ പഞ്ചായത്ത് റോഡിൽ ദേശിയപാതയുടെ ഭാരം അടിച്ചേൽപ്പിച്ച ട്രാഫിക് കമ്മിറ്റി തീരുമാനം യാത്രക്കാരെ ദുരിതത്തിലാക്കി . കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശിയപാതിയിൽ മണർകാട് കവലയിലാണ് വീണ്ടുവിചാരമില്ലാത്ത ട്രാഫിക് പരിഷ്കാരം യാത്രക്കാരുടെ നടുവൊടിക്കുന്നത്.
കോട്ടയം- പാലാ ഭാഗങ്ങളിൽ നിന്ന് പാമ്പാടി, പുതുപ്പള്ളി ഭാഗങ്ങളിലേക്കുള്ള എല്ലാ വാഹനങ്ങളും പഞ്ചായത്ത് റോഡിലൂടെ വൺവേയായി തിരിച്ചുവിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ദിവസവും ഇടതടവില്ലാതെ ആയിരക്കണക്കിന് വാഹനങ്ങൾ ഓടിയതോടെ റോഡ് കൂടുതൽ ദുർബലമായി. ടാറിംഗ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും കൂർത്ത കല്ലുകൾ ഉയരുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. മഴക്കാലമായതിനാൽ കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. പൊതുവേ വീതി കുറവുള്ള റോഡിൽ പരക്കെ കുണ്ടും കുഴിയുമായതോടെ അപകടസാദ്ധ്യത വർദ്ധിച്ചു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ, കാർ തുടങ്ങിയ ചെറുവാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് കടുന്നുപോകുന്നത്. റോഡിന്റെ അവസ്ഥ ഇത്രമേൽ വഷളായിട്ടും അറ്റകുറ്റപ്പണികൾ നടത്താനൊ, യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
മണർകാട് ഗ്രാമപഞ്ചായത്താണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉത്തരവാദികൾ എന്നാരോപിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇവിടെ പ്രതിഷേധമാർച്ചും ധർണയും നടത്തിയിരുന്നു. എന്നാൽ റോഡിന്റെ ശേഷി പരിശോധിക്കാതെ വലിയവാഹനങ്ങൾ കടത്തിവിട്ട ട്രാഫിക് ഉപദേശക സമിതിയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് ഉത്തരവാദികളെന്നും പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുക മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം.