എരുമേലി :എരുമേലിയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അഞ്ചാം തിയതി മുതൽ പ്രവർത്തനമാരംഭിക്കണമെന്ന് ശബരിമല തീർത്ഥാടന അവലോകന യോഗം ദേവസ്വം ബോർഡിന് നിർദേശം നൽകി. ഡ്യൂട്ടി സ്റ്റാഫിന്റെ താമസം ,ഭക്ഷണം ,കട ലേലം ,പാർക്കിംഗ് മൈതാനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ സമയബന്ധിതമായി തീർക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി കയറ്റത്തിൽ വൺ വേ സിസ്റ്റമോ സ്പീഡ് ബ്രേക്കറോ സ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു .മറ്റു വകുപ്പുകളുടെ വാഹനങ്ങൾക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഇന്ധനം നിറക്കുന്നതിന് തടസമുണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു. കടകളിൽ ഉപയോഗിക്കുന്ന വെള്ളം ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തണം. ഇതിനായി മൊബൈൽ ലാബ് സൗകര്യം ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. അഗ്‌നിശമന വിഭാഗം ഏഴ് വാഹനങ്ങളും 33 സ്റ്റാഫും എരുമേലിയിൽ ഉണ്ടായിരിക്കും. കരിങ്കല്ലും മൂഴി പ്ലാച്ചേരി റോഡ് ഉൾപ്പെടെ സീസണുമായി ബന്ധപ്പെട്ട പത്തോളം റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്ന് പി.ഡബ്ല്യൂ.ഡി അറിയിച്ചു. കൊരട്ടി കന്നിമല റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാനും നിർദേശമുണ്ട്. ഓരുംകൽ കടവ് പാലത്തിലെ കൈവരികൾ നന്നാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. മോട്ടോർ വാഹനവകുപ്പ് മൊബൈൽ റിപ്പയറിംഗ് യൂണിറ്റ് എരുമേലിയിൽ ഉണ്ടാകും. എരുമേലി വലിയമ്പലത്തിനു മുമ്പിലെ തോട്ടിലെ മണൽ നീക്കം ചെയ്യാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇന്നലെ ദേവസ്വം ഹാളിൽ കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ദേവസ്വം അസി. കമ്മിഷണർ ആർ. പ്രകാശൻ, മാനേജർ ഓ ജി ബിജു, ജമാ അത് പ്രസിഡന്റ് അഡ്വ പി.എച്ച്. ഷാജഹാൻ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു .

 യോഗത്തിൽ പ്രതിഷേധം

എരുമേലിയിൽ വിളിച്ചുചേർത്ത ശബരിമല തീർത്ഥാടന മുന്നൊരുക്കയോഗത്തിൽ ക്ഷണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം. ഹൈന്ദവ സംഘടനകളുടെ ഭാരവാഹികളും പിന്നീട് വ്യാപാരി സംഘടനയുടെ ഭാരവാഹിയുമാണ്‌ നേരിട്ട്‌ യോഗവേദിയിലെത്തി പ്രതിഷേധം അറിയിച്ച് മടങ്ങിയത്. അദ്ധ്യക്ഷത വഹിക്കുമെന്നറിയിച്ചിരുന്ന കളക്ടർ യോഗത്തിന് എത്തിയിരുന്നില്ല. പകരം ചുമതല ആർ.ഡി.ഒയ്ക്കാണ് നൽകിയിരുന്നത്. ഇദ്ദേഹവും വന്നില്ല. തുടർന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ യോഗംചേർന്നപ്പോഴാണ് പ്രതിഷേധം ഉയർന്നത്. ആദ്യം ഇവരെ ക്ഷണിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.