കോട്ടയം: മാസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ കഞ്ഞിക്കുഴിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോൺക്രീറ്റിന്റെ അനുബന്ധ ജോലികൾ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ കോൺക്രീറ്റിംഗ് നടത്തിയത്. പാലത്തിൽ കമ്പി കെട്ടിയതും, നിർമ്മാണ പ്രവർത്തനങ്ങളും റെയിൽവേ എൻജിനീയറിംഗ് വിഭാഗം പരിശോധിച്ചിരുന്നു. തുടർന്നാണ് കോൺക്രീറ്റിംഗ് നടത്തിയത്. 50 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിനിടയിൽ തൂണുകളൊന്നുമില്ല. 13.5 മീറ്ററാണ് പാലത്തിന്റെ വീതി. ഇരുവശങ്ങളിലും ഒന്നര മീറ്ററുള്ള നടപ്പാതയുണ്ട്. പാലത്തിന്റെ അടിവശത്ത് 24 ഉരുക്ക് ഗർഡറുകളുണ്ട്. മുകളിൽ ആറ് ഗർഡറുകളാണ് ഉള്ളത്. 30 നകം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി തുറന്നു നൽകുമെന്ന് അറിയിച്ചെങ്കിലും, ഇനിയും ജോലികൾ പൂർത്തിയാകാനുണ്ട്.
കായംകുളം എറണാകുളം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇനി ഏറ്റുമാനൂർ മുതൽ ചങ്ങനാശേരി വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് പൂർത്തിയാകാനുള്ളത്. സമാന്തര പാത തുറന്നു നൽകിയ ശേഷമാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.