കോട്ടയം : ബി.ടെക് പരീക്ഷയിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഓരോ വിഷയം വീതം തോറ്റ കുട്ടികൾക്ക് അഞ്ചു മാർക്ക് അധികം നൽകിയത് സിൻഡിക്കേറ്റിന്റെ നയപരമായ തീരുമാനമായിരുന്നെന്ന് എം.ജി സർവകലാശാലാ വൈസ് ചാൻസിലർ ഡോ. സാബുതോമസ് പറഞ്ഞു. 200-ലേറെ അപേക്ഷകൾ ലഭിച്ചു .125 പേർക്ക് മാർക്ക് കൂടുതൽ നൽകി. 84 അപേക്ഷകൾ പരിഗണനയിലാണ്. സർവകലാശാല പരീക്ഷ ചട്ടങ്ങൾ പ്രകാരമാണ് സിൻഡിക്കേറ്റ് പ്രത്യേക മോഡറേഷൻ അനുവദിച്ചത്. നിരവധി വിദ്യാർഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
ഒരു വിഷയത്തിനു മാത്രം തോറ്റതിനാൽ ബി.ടെക് പൂർത്തീകരിക്കാൻ കഴിയാത്ത വിദ്യാർത്ഥിനി മോഡറേഷനു വേണ്ടി 2019 ഫെബ്രുവരി 22ന് നടന്ന ഫയൽ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. വിഷയം സർവകലാശാല അക്കാഡമിക് കൗൺസിലിന്റെ പരിഗണനയ്‌ക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇതിന് മറ്റ് രീതിയിലുള്ള ഇടപെടലുകളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വൈസ് ചാൻസിലർ പറഞ്ഞു.
അതേസമയം ഒരു കുട്ടിക്ക് മാത്രമായി ഒരു മാർക്ക് കൂട്ടി കൊടുക്കുന്ന വിഷയം അദാലത്തിൽ വന്നതിൽ നയപരമായ പാളിച്ചയുണ്ടായതായി സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ പറഞ്ഞു. അദാലത്തിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാനാവാത്തതിനാൽ അക്കാഡമിക് കൗൺസിലിന് വിട്ടു. അക്കാഡമിക് കൗൺസിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹരികുമാർ അറിയിച്ചു.