kayal

കോട്ടയം: ആറുകളിലും തോടുകളിലും നിന്ന് വേമ്പനാട്ട് കായലിൽ ഒഴുകിയെത്തുന്ന വെള്ളം കടലിലെത്താതെ മറ്റ് വഴികളിലൂടെ തിരിച്ച്‌ കരയിലേക്ക് തന്നെ കയറുകയാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ കണ്ടെത്തൽ . പ്രളയം രൂക്ഷമാകാൻ ഒരു കാരണം ഇതെന്നാണ് വേമ്പനാട്ട് കായൽ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ച് നടത്തിയ പഠനത്തിൽ പറയുന്നത്.

കായലിലെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകി പോകാതെ തിരിച്ച്‌ കരയിലേക്ക് ഒഴുകുന്നത് കായലിനും കടലിനും ഇടയിലുള്ള തടസങ്ങൾ മൂലമാണ്. ഇരുപത് വർഷത്തിനുള്ളിൽ പതിനഞ്ചോളം പാലങ്ങൾ വേമ്പനാട്ട് കായലിന്റെ കൊച്ചി-വൈപ്പിൻ ഭാഗത്ത് മാത്രം ഉയർന്നു, ഈ പാലങ്ങളുടെ നിർമാണ സമയത്ത് കായലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നിർമ്മാണ വസ്തുക്കളും ഇപ്പോഴും കിടക്കുകയാണ്. പണി പൂർത്തീകരിക്കുമ്പോൾ ഇതെല്ലാം നീക്കം ചെയ്ത് ഒഴുക്ക് പുനസ്ഥാപിക്കേണ്ടിയിരുന്നു. അതുണ്ടായില്ല.

കായൽ ടൂറിസത്തിന്റെ തിക്തഫലം

വേമ്പനാട്ട് കായലിൽ തണ്ണീർമുക്കം - ആലപ്പുഴ ഭാഗത്ത് അടിത്തട്ടിൽ ചുരുങ്ങിയത് 4276 ടൺ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ഈ ഭാഗത്ത് കായലിന്റെ വിസ്തീർണം 76.5 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 55.9 ടൺ പ്ളാസ്റ്റിക് മാലിന്യം അടിത്തട്ടിലുണ്ടെന്നാണ് കണ്ടെത്തിയത്. കായൽ ടൂറിസം വികസിച്ചതിന്റെ തിക്തഫലമാണിത്. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെങ്കിൽ വേമ്പനാട്ട് കായൽ വിദൂര ഭാവിയിൽ പ്ലാസ്റ്റിക് കായലായി മാറാം. ഇത് മത്സ്യ കക്കാ സമ്പത്തിനെയും സൂക്ഷ്മജീവികളെയും കണ്ടൽകാടുകളെയും ഇല്ലാതാക്കും.

കായൽ

വിസ്തൃതി

30%

കുറഞ്ഞു

അപായ സൂചനകൾ

കായൽജലം കടലിലേയ്ക്ക് ഒഴുകുന്നില്ല

അതിനാൽ തിരിച്ച് കരയിലെത്തുന്നു

വൻ തോതിൽ എക്കൽ അടിയുന്നു

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു

നിർമാണ വസ്തുക്കൾ നീക്കുന്നില്ല

കായലാഴവും വിസ്തൃതിയും കുറഞ്ഞു

1930 ൽ തണ്ണീർമുക്കം-ആലപ്പുഴ സെക്ടറിൽ വേമ്പനാട്ട് കായലിന്റെ ആഴം എട്ട് മുതൽ ഒൻപത് മീറ്ററായിരുന്നു. ഇപ്പോഴത് 1.6 മുതൽ 4.5 മീറ്ററായി കുറഞ്ഞു. വൻ തോതിൽ എക്കലും പ്ളാസറ്റിക് മാലിന്യവും വന്നിടിയുന്നതാണ് കായലിന്റെ ആഴപരപ്പ് കുറയാൻ കാരണം. 20 വർഷത്തിനുള്ളിൽ വേമ്പനാട്ട് കായലിന്റെ തണ്ണീർമുക്കം-ആലപ്പുഴ സെഗ് മെന്റ് വെറും ചതുപ്പുനിലമായി മാറും.

-ഡോ.വി എൻ സഞ്ജീവൻ,ഗവേഷകൻ,

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല