പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് സാമ്പത്തിക ക്രമക്കേട് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത അടിയന്തിര കമ്മിറ്റിയിൽ കയ്യാങ്കളി.
സി.ഡി.എസിലെ ക്രമക്കേട് ചർച്ച ചെയ്യാൻ അടിയന്തിര ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും വനിതാ പഞ്ചായത്തംഗങ്ങൾ കത്ത് നൽകിയിരുന്നു. പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്നലെ നടന്ന അടിയന്തിര കമ്മിറ്റിയിൽ ആരോപണ വിധേയയായ സി.ഡി.എസ് ചെയർപേഴ്‌സൺ ഹാജരാകാത്തതിനെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. ചെയർപേഴ്‌സൺ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ് അഡ്വ. ജയാശ്രീധർ നിലപാട് സ്വീകരിച്ചതോടെ രൂക്ഷമായ വാഗ്വാദം നടന്നു. തുടർന്ന് പ്രതിപക്ഷ വനിതാ മെമ്പർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മറികടന്ന് കമ്മിറ്റി വിട്ട് പോകാനുള്ള പ്രസിഡന്റിന്റെ നീക്കം വനിതാ പഞ്ചായത്തംഗങ്ങൾ തടഞ്ഞത് കയ്യാങ്കളിയിൽ കലാശിച്ചു.
വനിതാ പഞ്ചായത്തംഗങ്ങളെ തള്ളിമാറ്റി കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയ അഡ്വ. ജയാശ്രീധറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ ഉപരോധ സമരം നടത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് കെ.ജി. കണ്ണൻ, യു.ഡി.എഫ് അംഗം ഷാജി പാമ്പൂരി എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മോളിക്കുട്ടി തോമസ്, പഞ്ചായത്തംഗങ്ങളായ അഡ്വ. വൈശാഖ് എസ്. നായർ, ഉഷാ ശ്രീകുമാർ, സുബിതാ ബിനോയ്, സോമ അനീഷ്, രാജി വി.ജി., സ്മിത ലാൽ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.