പാലാ: കൗൺസിൽ യോഗത്തിൽ കോൺഗ്രസിന് ഒപ്പം നിൽക്കാഞ്ഞ വനിതാ അംഗത്തിന്റെ നടപടിയെപ്പറ്റി ഡി.സി.സി. പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പാലാ ബ്ലോക്കുപ്രസിഡന്റും പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പ്രൊഫ. സതീഷ് ചൊള്ളാനി അറിയിച്ചു. . കൗൺസിൽ യോഗത്തിൽ കോൺഗ്രസിനെ പുച്ഛിക്കുന്ന തരത്തിൽ സംസാരിക്കുകയും താൻ പാതി കേരളാ കോൺഗ്രസ് ആണെന്നു പറയുകയും ചെയ്ത കൗൺസിലർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരം. ഇതു സംബന്ധിച്ചുള്ള കൂടുതൽ നടപടികൾ ഡി.സി.സി. നേതൃത്വം സ്വീകരിക്കും. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചിട്ട് 'ചോറിങ്ങും കൂറങ്ങും ' എന്ന മട്ടിൽ പാർട്ടിയെ പൊതു സമൂഹത്തിൽ മോശമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറയുന്നു.

ജനറൽ ആശുപത്രിക്കും സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും സ്വാതന്ത്ര്യ സമര സേനാനി പ്രൊഫ.കെ.എം. ചാണ്ടിയുടെ പേരിടണമെന്നായിരുന്നു കോൺഗ്രസിന്റെ അഭിപ്രായം. എന്നാൽ കോൺഗ്രസിലെ വനിതാ അംഗം മിനി പ്രിൻസ് ഇതിനെ അനുകൂലിച്ചില്ലെന്നു മാത്രമല്ല, കെ. എം. മാണിയുടെ പേരിടാനുള്ള കേരളാ കോൺഗ്രസ് തീരുമാനത്തെ ശക്തമായി അനുകൂലിക്കുകയും ചെയ്തു.

അതേസമയം പാലാ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടുന്നതിനെ നഗരസഭാ കൗൺസിലിൽ അനുകൂലിച്ചത് തന്റെ കുടുംബം കേരള കോൺഗ്രസ് അനുഭാവികളായതിനാലാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണിപ്പോൾ മിനി പ്രിൻസ് പറയുന്നത്.

ജനറൽ ആശുപത്രിക്ക് കെ.എം മാണിയുടെ പേരിടുന്നതിനെ എതിർക്കാതിരുന്നത് മാന്യമായ നടപടിയല്ലാത്തതിനാലാണെന്നും അവർ പറയുന്നു.