കോട്ടയം: നവജാതശിശുവിന്റെ ജഡം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. അവിവാഹിതയായ കോളേജ് വിദ്യാർത്ഥിനി പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നേ അതോ കൊന്ന് ബാഗിനുള്ളിലാക്കിയതാണോ എന്ന് ഇന്ന് അറിയാം.
ഒരു ദിവസം പോലും പ്രായമാവാത്ത കുഞ്ഞിന്റെ ജഡം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇടുക്കി മുരിക്കാശേരി എസ്.ഐ പോസ്റ്റുമോർട്ട റിപ്പോർട്ടിനായി ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരികയുള്ളൂവെന്ന് എസ്.ഐ പറഞ്ഞു.
തോപ്രാംകുടി വാത്തിക്കുടിയിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയും അവിവാഹിതയായ ഇരുപതുകാരി ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആൺകുഞ്ഞിനെപ്രസവിച്ചത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. വയറിൽ ഷാൾ മുറുക്കികെട്ടിയാണ് വീട്ടിൽ പോലും യുവതി നടന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കുളിമുറിയിലായിരുന്നു പ്രസവം.
ഉടൻ തന്നെ കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് യുവതി വിവരം പറഞ്ഞു. കുട്ടി മരിച്ചുപോയെന്നും അത് മറവ് ചെയ്യാൻ സഹായിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു. എന്നാൽ ഇത് സഹപാഠി വിശ്വസിച്ചില്ല. തുടർന്ന് വാട്സ് ആപ്പിലൂടെ ശിശുവിന്റെ ഫോട്ടോ സഹിതം സുഹൃത്തിന് ഇട്ടുകൊടുത്തു. സഹപാഠിയാവട്ടെ വിവരം മുരിക്കാശേരി പൊലീസിൽ അറിയിക്കുകയായിരുന്നു.
എസ്.ഐ യും സംഘവും യുവതിയുടെ വീട്ടിലെത്തിയപ്പോൾ ആൺകുഞ്ഞിന്റെ ജഡം ബാഗിനുള്ളിൽ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കസ്റ്റഡിയിലെടുത്ത പൊലീസ് യുവതിയെ വിദഗ്ദ്ധ ചികിൽസക്കായി ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം യുവതിയെ നിരീക്ഷണ വലയത്തിലുമാക്കി.
അയൽ പഞ്ചായത്തിലുള്ള യുവാവുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് അറിയുന്നു. എന്നാൽ യുവാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. താമസിയാതെ അയാൾ വിവാഹ ബന്ധം വേർപെടുകയും ചെയ്തു. രണ്ട് മാസംമുമ്പ് യുവാവ് ആത്മഹത്യ ചെയ്തു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് താൻ ഗർഭിണിയായതായാണ് യുവതി പൊലീസിന് നല്കിയ മൊഴി. ഗർഭിണിയായ വിവരം യുവതി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചു വച്ചു.
കുഞ്ഞ് ജനിച്ച സമയത്ത് ജീവനില്ലായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ മേൽ നടപടികൾ സ്വീകരിക്കുമെന്ന് മുരിക്കാശ്ശേരി പൊലീസ് പറഞ്ഞു.