mg-university

കോട്ടയം : 'എം. ജി. സർവകലാശാല ബി.ടെക് മാർക്ക് ദാനത്തിൽ താൻ സ്വാധീനം ചെലുത്തിയെന്ന ആരോപണം അവാസ്തവമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഷെറഫുദീൻ കേരളകൗമുദിയോട് പറഞ്ഞു.

ഒരു മാർക്ക് കൂടുതൽ കിട്ടിയ വിദ്യാർത്ഥിനിയെ എനിക്കറിയില്ല. കായംകുളത്താണ് എന്റെ വീട്. അവിടെ ജനിച്ചു പോയതു കൊണ്ട് ആ കുട്ടിക്ക് ഞാനുമായി എങ്ങനെ ബന്ധം വരും? കായംകുളംകാരായതു കൊണ്ട് ബി.ടെക്കിന് പഠിക്കാൻ മേലേ? മാർക്ക് ദാന വിവാദം ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതു മുന്നണിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉണ്ടാക്കിയ പ്രചാരണതന്ത്രം മാത്രമാണ്.' ഷെറഫുദീൻ പറഞ്ഞു.

എം. ജി സർവകലാശാലയിൽ നടന്ന അദാലത്തിൽ ആദ്യവസാനം താൻ പങ്കെടുത്തെന്നു പ്രചരിപ്പിക്കാൻ ചാനലുകൾ കാണിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. ഉദ്ഘാടന സമ്മേളനം സമാപന സമ്മേളനമായാണ് കാണിക്കുന്നത്. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് രഹസ്യമായിട്ടൊന്നുമല്ല. ആദ്യവസാനം പങ്കെടുത്താലും എന്താണ് തെറ്റ്? സർവകലാശാല പുറത്തുവിട്ട വീഡിയോ പൂർണമായി കാണിക്കാൻ ചാനലുകളെ വെല്ലുവിളിക്കുന്നു.

എഫ്.ബി ലൈവ് വീഡിയോ 3:59:55 മണിക്കൂറുണ്ട്. ഉദ്ഘാടന സെഷൻ18:59 മിനിട്ട് മുതൽ 54:02 മിനിട്ട് വരെയാണ്. ആശംസാ പ്രസംഗം 43:49 മിനിട്ട് മുതൽ 46:20 മിനിട്ട് വരെ. സുതാര്യത ഉറപ്പാക്കാൻ വീഡിയോ സ്ട്രീമിംഗ് എഫ്.ബി വഴി നടത്തി. വേദി മുഴുവൻ വീഡിയോ കവർ ചെയ്തിരുന്നു. വൈസ് ചാൻസലർ ആവശ്യപ്പെട്ടതിനാൽ ആശംസ പറഞ്ഞു. അദാലത്തിൽ അപേക്ഷകരെ കാണാൻ ഇരിക്കുകയോ, ഇടപെടുകയോ ചെയ്തില്ലെന്ന് വീഡിയോ കണ്ടാൽ ബോദ്ധ്യപ്പെടും. ഓൺലൈനായി അപേക്ഷിച്ചവരെ പൂർണമായി കണ്ടതായി രജിസ്ട്രാർ അറിയിച്ചപ്പോൾ പ്രഖ്യാപന സമയത്ത് വേദിയിലെത്തി. ഇതെല്ലാം മറച്ചുവച്ചാണ് ആദ്യവസാനം താൻ പങ്കെടുത്തു മാർക്ക് കൂട്ടിനൽകാൻ സ്വാധീനിച്ചെന്ന പ്രചാരണം നടത്തുന്നത്.

ബി.ടെക് തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ചുമാർക്ക് കൂട്ടിനൽകാൻ തീരുമാനിച്ചത് എം.ജി സിൻഡിക്കേറ്റാണ്. സിൻഡിക്കേറ്റിന്റെയും വൈസ് ചാൻസലറുടെയും വിവേചനാധികാരം ഉപയോഗിച്ച് നയപരമായ തീരുമാനമെടുക്കാം. നഴ്സിംഗ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകാനുള്ള തീരുമാനവും സിൻഡിക്കേറ്റിന്റേതാണ്. എനിക്ക് പേടിക്കാനൊന്നുമില്ല .

അദാലത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരു കുട്ടിക്ക് ഒരു മാർക്ക് കൂട്ടിനൽകാൻ തീരുമാനിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.