ചങ്ങനാശേരി: പൂവം-നക്രാപുതുവൽ റോഡ് ഗതാഗതയോഗ്യമാകുമോ? റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പിലാണ് നാട്ടുകാർ. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.എഫ്.തോമസ് എം.എൽ.എ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന് നിവേദനം നൽകിയത് പ്രദേശവാസികളുടെ പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നു. പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് നക്രാപുതുവൽ പ്രദേശം. പ്രദേശവാസികൾ ചങ്ങനാശേരി നഗരത്തിലേക്കും മറ്റും എത്താൻ ആശ്രയിക്കുന്നത് പൂവം-നക്രാപുതുവൽ റോഡിനെയാണ്. രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് കേന്ദ്രസർക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതിയിൽപെടുത്തി നിർമ്മിച്ചതാണ്. റോഡിന്റെ ടാറിംഗും രണ്ട് പാലങ്ങളുടെ നിർമ്മാണവും അന്ന് നടന്നില്ല. നിർമ്മാണ ചെലവിന്റെ അധിക ഭാഗവും സംസ്ഥാനസർക്കാരാണ് വഹിക്കേണ്ടത്. ജോലികൾ തുടങ്ങാൻ താമസം വന്നതിനെതുടർന്ന് എം.എൽ.എ ഇടപെട്ടിരുന്നു. ഇതിനെതുടർന്ന് മന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗവും വിളിച്ചിരുന്നു. എന്നിട്ടും കാലതാമസം നേരിട്ടതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയത്.