tap

ചങ്ങനാശേരി : ജലവിതരണം മുടങ്ങിയതാണ് ചങ്ങനാശേരി റവന്യൂ ടവറിലെ ഏറ്റവും പുതിയ വിശേഷം. ടവറിലെ ലിഫ്റ്റുകളിൽ അധികവും പ്രവർത്തനരഹിതമാണ്. മാത്രമല്ല, ലിഫ്റ്റിൽ ആളുകൾ കുടുങ്ങിപ്പോയതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിന് തൊട്ടുപിന്നാലെയാണ് കുടിവെള്ളവും മുടങ്ങിയത്.

താലൂക്ക് ഓഫീസ് ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളും അനേകം വ്യാപാരസ്ഥാപനങ്ങളും റവന്യൂ ടവറിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളം കിട്ടാത്ത അവസ്ഥയായിട്ട് കുറച്ചു ദിവസങ്ങളായി.

ദിവസേന നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നത്. എന്നാൽ, താലൂക്ക് ഓഫീസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം ഉച്ചയ്ക്ക് ഒന്നു മുതൽ 1.30 വരെ വെള്ളം ലഭ്യമാകുകയും ബാക്കിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ നോക്കുകുത്തികളാക്കുന്ന രീതിയും നിർബാധം ഇവിടെ നടന്നുവരുന്നുണ്ട്.

ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലാണ് റവന്യൂ ടവർ. വാടക പിരിച്ചെടുക്കുന്നതും വർഷാവർഷം അറ്റകുറ്റപ്പണി നടത്തേണ്ടതും ഹൗസിംഗ് ബോർഡാണ്. എന്നാൽ, ചുമതലക്കാരായ ഹൗസിംഗ് ബോർഡ് കോട്ടയം ഓഫീസിലേയ്ക്കു മാറ്റുകയും ചെയ്തു. ടവർ കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് കൊടുത്തിരിക്കുന്ന പൈപ്പിന്റെ വാൽവ് കേടായതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്നാണ് ടവർ ജീവനക്കാർ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രം ടാങ്കിൽ വെള്ളം സംഭരിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നുമില്ല.

ടവറിന്റെ നടത്തിപ്പിനായി ഒരു മാനേജിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്നതും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും ടവറിന്റെ ശോച്യാവസ്ഥയ്ക്കു കാരണമാണ്.

(ബോക്സ്...)

പ്രാഥമികാവശ്യങ്ങൾക്ക്

പോലും വെള്ളമില്ല

ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായും ടവറിൽ എത്തുന്നവർക്കും പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനായി പുറത്തെ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അവർ.

സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ദിവസവും ഇവിടെ വന്നു പോകുന്നവർ നിരവധിയാണ്. ഭക്ഷണം കഴിച്ചശേഷം കുപ്പിവെള്ളം വിലയ്ക്ക് വാങ്ങുകയോ അല്ലെങ്കിൽ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന കുടിവെള്ളത്തിൽ കൈ കഴുകയോ ചെയ്യേണ്ട സാഹചര്യമാണ്. ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടെയും നിർമിച്ച ടവറിലാണ് അവശ്യഘടകമായ വെള്ളം ലഭ്യമാകാത്തത്. വെള്ളം ഇല്ലാത്തതിനാൽ ടോയ്ലെറ്റുകളിൽ ദുർഗന്ധമാണ് വമിക്കുന്നത്.