വൈക്കം: വൈക്കത്തഷ്ടമി നാളിൽ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനെ വരവേൽക്കുന്നതിനായി കൊച്ചാലും ചുവട് ഭഗവതി സന്നിധിയിൽ അഞ്ചു നിലയിൽ അലങ്കാര പന്തൽ ഒരുക്കും. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ പന്തൽ ഒരുക്കുന്ന മണികണ്ഠനാണ് കൊച്ചാലും ചുവട്ടിലെ വരവേൽപ്പ് പന്തൽ നിർമ്മിക്കുന്നത്. താരകാസുര നിഗ്രഹത്തിനു ശേഷം വിജയ ശ്രീലാളിതനായി സർവാഭരണ വിഭൂഷിതനായി എഴുന്നള്ളുന്ന ദേവസേനാധിപനായ ഉദയനാപുരത്തപ്പന്റെ വരവ് അഷ്ടമിയുത്സവത്തിന്റെ ശ്രദ്ധേയ ചടങ്ങാണ്. കുട്ടമേൽ ഭഗവതിക്കും ശ്രീനാരായണപുരം ദേവനുമൊപ്പം രാജകീയ പ്രൗഢിയോടെയാണ് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്ത്. വഴിനീളെ നിലവിളക്കുകൾ നിരത്തി നിറപറകൾ വച്ചാണ് ദേവസേനാപതിയെ വൈക്കത്തെ പൗരാവലി എതിരേൽക്കുക. അഷ്ടമി ദിവസം കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 51 പറ അരിയുടെ അന്നദാനവും നടത്തും. ചടങ്ങിന്റെ നിധി സമാഹരണം ശബരിമല മുൻ മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി ഡോ. ഹരി ക്യഷ്ണൻ കാലാക്കലിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റ് ഭാരാവാഹികളായ ശിവപ്രസാദ്, അനിൽകുമാർ, ജിബു കൊറ്റനാട്, പ്രസാദ്, സുധാകരൻ കാലാക്കൽ, ചന്ദ്രശേഖരൻ നായർ, ഹരി, ശശിധരൻ പുന്നക്കൽ, മധു, ജയൻ, മനോജ്, ഹരിദാസ്, കണ്ണൻ, രമേശൻ, അനി, പവിത്രൻ, രാജൻ, എസ്. ഉണ്ണികൃഷ്ണൻ കാലാക്കൽ എന്നിവർ പങ്കെടുത്തു.