വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി നടക്കുന്ന മുഖ സന്ധ്യ വേല സമാപിച്ചു. വൈക്കം ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ ശിവദത്തിന്റെ ആഭിമുഖ്യത്തിലാണ് സമാപന സന്ധ്യ വേല നടന്നത്. മേൽശാന്തി ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിര കുടം ഉൾപ്പടെയുള്ള വിശേഷാൽ അഭിഷേകങ്ങൾക്കും പന്തീരടി പൂജക്കും ശേഷം ഭഗവാന്റെ തിടമ്പ് ആനപ്പുറത്തെഴുന്നള്ളിച്ചു. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി ഓമല്ലൂർ ഗോവിന്ദൻ കുട്ടി, പീച്ചിയിൽ മുരുകൻ എന്നീ കരിവീരൻമാർ അകമ്പടിയായി. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. വൈക്കം ഷാജി, വൈക്കം സുമോദ്, എസ് പി.ശ്രീകുമാർ , ടി.വി പുരം മഹേഷ്, തേരോഴി രാമക്കുറുപ്പ് , തിരുമറയൂർ ഗിരിജൻ മാരാർ ബാലുശ്ശേരി കൃഷ്ണദാസ്, ചേർത്തല അജിത് കുമാർ എന്നിവരും കലാപീഠം വിദ്യാർത്ഥികളും മേളമൊരുക്കി. സമൂഹ സന്ധ്യ വേല നവംബർ 2 നാണ് തുടങ്ങുക. 9 നാണ് അഷ്ടമി കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബർ 20നാണ്. 21 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും