കോട്ടയം: കാലവർഷവും തുലാവർഷവും കനിഞ്ഞ് അനുഗ്രഹിച്ചപ്പോൾ ജില്ലയുടെ മഴക്ഷാമം മാറിയെങ്കിലും വരൾച്ചാ സാദ്ധ്യത ശാസ്ത്ര ലോകം തള്ളുന്നില്ല. ഇങ്ങനെ പെയ്താൽ കഴിഞ്ഞ വർഷം ലഭിച്ച അതേ മഴ ഇക്കുറിയും ലഭിക്കും. പക്ഷേ, കഴിഞ്ഞ തവണ ആവശ്യത്തിൽ കൂടുതൽ മഴ ലഭിച്ചിട്ടും നാലു മാസത്തോളം കടുത്ത വരൾച്ചയാണ് നേരിട്ടത്. പെയ്ത വെള്ളം മുഴുവൻ മണ്ണിലിറങ്ങാതെ ഒലിച്ചുപോയതായിരുന്നു കാരണം. മഴ മാറി ആഴ്ചകൾക്കകം ആറും തോടുകളും വറ്റി വരണ്ടു. ഇക്കുറിയും സമാന സാഹചര്യമാണെന്ന ഓർമപ്പെടുത്തൽ കൂടിയാണ് വിദഗ്ദ്ധർ നൽകുന്നത്. വെള്ളം കെട്ടിടക്കാനും താഴാനുമുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. മഴവെള്ള സംഭരണികൾ വ്യാപകമാക്കുകയും കിണർ റീ ചാർജ് അടക്കമുള്ള പദ്ധതികൾ കൂടുതലായി ആവിഷ്കരിക്കുകയും വേണം.
ഈ വർഷം
2162.8
മില്ലി മീറ്റർ മഴ
(കഴിഞ്ഞ വർഷം
2936 മി.മീറ്റർ)
നേരിടുന്ന പ്രശ്നം
ആറുകളിലും മറ്റും ജലം താഴാതെ ഒഴുകി പോകുന്നു
മഴയ്ക്ക് നിറയുന്ന ജലാശയങ്ങൾ മഴമാറുമ്പോൾ പഴയപടി
പ്രളയശേഷം അടിഞ്ഞ പൊടിമണലിൽ വെള്ളം താഴുന്നില്ല
വീട്ടു മുറ്റത്തെ ടൈലുകളും വെള്ളംതാഴുന്നത് തടയുന്നു
'' മഴ കൂടുതൽ കിട്ടിയാലും വരൾച്ച ഒഴിവാകുമെന്ന് പറയാൻ കഴിയില്ല. പെയ്യുന്ന വെള്ളം കടലിലേയ്ക്ക് ഒഴുകിപ്പോകുന്നതാണ് ഇപ്പോൾ കാണുന്നത്. ഇതിന് മറികടക്കാനുള്ള പദ്ധതികളാണ് ആവശ്യം''
ഡോ.ഷമ്മി രാജ്, പരിസ്ഥിതി നിരീക്ഷകൻ