കോട്ടയം: കോട്ടയം നഗരത്തിലെ ചില വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇന്നലെ രാവിലെ നഗരസഭ ആരോഗ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്.
വിൻസർ കാസിൽ, വേമ്പനാട് ലേക്ക് റിസോർട്ട്, ന്യൂ ഭാരത്, പുത്തനങ്ങാടി ഏതൻസ് ടീ ഷോപ്പ്, സംസം ഹോട്ടൽ, ശങ്കർ ടീ ഷോപ്പ്, ലിറ്റിൽബൈറ്റ്സ് ബേക്കറി (ബോർമ) എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചോറ്, ബീഫ്, കോഴിയിറച്ചി, മീൻ, അച്ചാറ്, ന്യൂഡിൽസ്, എണ്ണ, മോര്, ഗ്രേവി , മീൻകറി തുടങ്ങിയവ പിടിച്ചെടുത്തു. പലയിടങ്ങളിൽ നിന്നും പിടികൂടിയ വേവിച്ച കോഴിയിറച്ചിയ്ക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഏത് സമയത്തും ചേരുവകൾ ചേർത്ത് ഇഷ്ടവിഭവമാക്കാൻവേണ്ടി കാത്തു വച്ചിരുന്നവയാണിത്.
വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട തിരുനക്കര പടിഞ്ഞാറെ നടയിലുള്ള ഇന്ത്യൻ കോഫീ ഹൗസിന് നോട്ടീസ് നൽകി. ക്രമക്കേട് കണ്ടെത്തിയ മറ്റ് ഹോട്ടലുകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേട് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും നഗരസഭ അധികൃതർ പറഞ്ഞു. കോടിമത, മാർക്കറ്റ്, ടൗൺ എന്നീ മൂന്നു സോണുകളിലായാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രകാശ്, ജേക്കബ്‌സൺ, സൈനുദീൻ എന്നിവരുടെ നേതൃത്വത്തിൽ 11 പേർ റെയ്ഡിൽ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്ക്രിയം
ഇടയ്ക്കിടെ റെയ്ഡ് നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിട്ടും ഹോട്ടൽ നടത്തിപ്പുകാർക്ക് യാതൊരു കുലുക്കവുമില്ല. ആഹാരം കഴിക്കാനെത്തുന്നവർക്ക് പഴകിയ ഭക്ഷണം വിളമ്പി കീശ വീർപ്പിക്കുന്നത് ആവർത്തിക്കുകയാണ്. ക്രമക്കേടിന്റെ കാര്യത്തിൽ കോട്ടയത്തെ ഹോട്ടലുകൾക്ക് വലിപ്പച്ചെറുപ്പവുമില്ല. വില അൽപ്പം കൂടിയാലും മുന്തിയ ഹോട്ടലുകളിൽനിന്ന് വൃത്തിയുള്ള ഭക്ഷണം ലഭിക്കുമെന്ന വിശ്വാസം പോലും അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ റെയ്ഡ്. വിൻസർ കാസിലും വേമ്പനാട് ലേക്ക് റിസോർട്ടുമൊക്കെ ജനങ്ങളുടെ ഈ വിശ്വാസം ചൂഷണം ചെയ്ത് വിലകൂട്ടി ഭക്ഷണം വിൽക്കുന്നവയാണ്. കുറ്റകൃത്യം ആവർത്തിച്ച് പിടിക്കപ്പെട്ടാലും പിഴ അടച്ച് രക്ഷപെടാമെന്നുള്ളതുകൊണ്ട് ആർക്കും എന്തുമാകാം എന്നതാണ് സ്ഥിതി.
ഹോട്ടലുകളിൽ ഉൾപ്പെടെ ഏത് സമയത്തും കയറിച്ചെന്ന് സാമ്പിൾ ശേഖരിക്കാനും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുന്നതിനും പൂർണ ചുമതലയുള്ള ഭക്ഷ്യസുരക്ഷാവകുപ്പ് നിഷ്ക്രിയമായതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തിയതുമാണ് ഹോട്ടൽ ഉടമകളുടെ തോന്ന്യാസങ്ങൾ പെരുകാൻ കാരണം.