പാലാ : കുമാരനാശാനും മഹാകവി പാലായ്ക്കും വേണ്ടി പറയാനും വാദിക്കാനും പാലാ നഗരസഭയിൽ ആളില്ല. പാലാ തെക്കേക്കരയിലെ നഗരസഭാ വക ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേരിടണമെന്ന് തെക്കേക്കര എസ്.എൻ. ഡി.പി.ശാഖ പൊതുയോഗം ഐകകണ്‌ഠ്യേന പാലാ നഗരസഭാധികാരികളോട് അപേക്ഷിച്ചിരുന്നു. ശാഖ സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തിൽ പത്തോളം മുനിസിപ്പൽ കൗൺസിലർമാർ ഇത് നടപ്പാക്കുമെന്ന് വാഗ്ദാനവും നൽകിയിരുന്നു. പക്ഷേ കുമാരനാശാന്റെ പേര് മാത്രം ഇതേ വരെ പാർക്കിന്റെ പടിക്കലെത്തിയില്ല.

ബൈപ്പാസിനായി പാലാ ടൗൺ കരയോഗത്തിന്റെ ഭൂമി ഏറ്റെടുത്ത വേളയിൽ കെ.എം.മാണിയാണ് പറഞ്ഞത്, പാലായിൽ മഹാകവി പാലാനാരായണ നായർക്ക് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന്. ഇതേ തുടർന്ന് ടൗൺ കരയോഗം പാലാ നഗരസഭയിൽ അപേക്ഷ സമർപ്പിക്കുകയും പാലാ സിവിൽ സ്‌റ്റേഷൻ റൗണ്ടാന മഹാകവി പാലാ സ്‌ക്വയറും സ്മാരകവുമാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം ഇവിടെ കെ.എം.മാണി സ്മാരക സ്‌ക്വയർ എന്ന് പേരിടാൻ തീരുമാനിക്കുകയായിരുന്നു.

'കൗൺസിൽ യോഗങ്ങളിൽ ഇക്കാര്യം ആരും ശക്തമായി ഉന്നയിച്ചിട്ടേയില്ല. ആരും ആവശ്യപ്പെടാതെ എങ്ങിനെ ഒരു തീരുമാനമെടുക്കും?'

ബിജി ജോജോ, പാലാ നഗരസഭാ ചെയർപേഴ്‌സൺ