വൈക്കം : മത്സ്യതൊഴിലാളികളെ സർക്കാർ അവഗണിക്കുന്നുവെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി).
വേമ്പനാട്ടുകായലിന്റെ നിലവിലുള്ള മത്സ്യബന്ധന ഇടങ്ങൾ കുറഞ്ഞുവരുന്നു. കരിമീന്റെ ഉത്പാദനം വർദ്ധിപ്പിക്കാനായി 25 ലക്ഷം രൂപ മുടക്കി കുമരകം കുമരം നാലുപങ്കിൽ നിർമ്മിച്ച കൃത്രിമ പ്രജനന സങ്കേതം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇതിന്റെ നടുവിലായി സ്ഥാപിച്ചിട്ടുള്ള ബോട്ടുടെർമിനൽ നീക്കം ചെയ്യണം എന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്തത് മത്സ്യതൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
മത്സ്യതൊഴിലാളികൾക്ക് ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിറുത്തലാക്കി. തണൽ പദ്ധതിയിൽ 1350 രൂപ ലഭിച്ചിരുന്നത് 600 രൂപയായി കുറച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികൾ അടയ്ക്കുന്ന അംശാദായത്തിൽ ഒരു രൂപ പോലും മടക്കി കൊടുക്കുന്നില്ല.
കോടി കണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ട് കക്കാ സാഞ്ച്വറികൾ നിർമ്മിക്കുന്നതോടെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കക്കാ പ്രജനനം പ്രകൃതിദത്തവും സ്വാഭാവികവുമായ പ്രക്രിയയാണ്. ഇതിനു വേണ്ടി കോടികൾ ധൂർത്തടിക്കാൻ പോകുന്നു. പരമ്പരാഗത തൊഴിലാളികളെ മറന്നുള്ള വികസനം ഈ മേഖലയിൽ വലിയ പ്രത്യാഖാതങ്ങൾക്ക് വഴിവയ്ക്കുമെന്നും ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി.ബാബുവും പ്രസിഡന്റ് കെ.എസ്.രത്നാകരനും പറഞ്ഞു.