പാലാ : പാലാ ലയൺസ് ക്ലബിന്റെ മേഴ്‌സിഹോംസ് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയായ പത്തു ഭവനങ്ങളുടെ താക്കോൽ ദാനവും ഇടപ്പാടിയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഹാപ്പിഹോംസ് പദ്ധതിയുടെ ഉദ്ഘാടനവും നാളെ രാവിലെ 9.30 ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എബ്രാഹം പാലക്കുടിയും, ജോസ് പാലക്കുടിയും കുടുംബാംഗങ്ങളും സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പൂർത്തിയായത്.
ചെറിയാൻ സി കാപ്പനും കുടുംബാംഗങ്ങളും സംഭാവന ചെയ്ത 53 സെന്റ് സ്ഥലത്ത് നടപ്പാക്കുന്നതാണ് ഹാപ്പിഹോംസ് പദ്ധതി. ക്ലബ് അംഗങ്ങളുടെയും സുമനസുകളുടെയും സംഭാവനയും പദ്ധതിയ്ക്കുണ്ട്. സമ്മേളനത്തിൽ ജോർജുകുട്ടി എബ്രാഹം ആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും. ജി.വേണുഗോപാൽ പ്രോജക്ട് അവതരിപ്പിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മാണി സി.കാപ്പൻ, സുരേഷ് കുറുപ്പ്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി, വക്കച്ചൻ മറ്റത്തിൽ, വി.എൻ.വാസവൻ, കെ.ജെ.തോമസ്, വി.പി.നന്ദകുമാർ, സി.പി.ജയകുമാർ, പ്രിൻസ് സ്‌കറിയ,ഡോ.ജോർജ് മാത്യു എന്നിവർ പ്രസംഗിക്കും. പ്രസിഡന്റ് വി.ജെ.ജോർജ് വലിയപറമ്പിൽ സ്വാഗതവും, ചെറിയാൻ സി കാപ്പൻ നന്ദിയും പറയും.