വൈക്കം: പണ്ട് പത്തിലെ പരീക്ഷ കഴിഞ്ഞാൽ പിറ്റേന്ന് തന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ചോദിക്കുമായിരുന്നു: ടൈപ്പ് പഠിക്കാൻ പോകുന്നില്ലേ? പഴയ തലമുറയിൽ കുറച്ചു കാലമെങ്കിലും ടൈപ്പ് റൈറ്റിംഗ് പഠിക്കാത്തവർ ഇല്ലായിരുന്നു എന്നു തന്നെ പറയാം. പ്രത്യേകിച്ച് പെൺകുട്ടികൾ. ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എല്ലാ ഗ്രാമങ്ങളിലും തലയുയർത്തി നിന്നു. കുട്ടികൾ സമയവും ഉൗഴം കാത്ത് അവിടങ്ങളിൽ പഠിക്കാൻ പോയി. ടൈപ്പ് റൈറ്റിംഗിനോടൊപ്പം ഷോർട്ട് ഹാൻഡും വശത്താക്കി ബാേംബെയിലും ഡൽഹിയിലുമൊക്കെ സ്റ്റെനോഗ്രാഫറായി ഉന്നതങ്ങൾ കീഴടക്കിയ ഒട്ടേറെ പേരുടെ വിജയ കഥകൾ നാട്ടിൻപുറങ്ങൾക്ക് ഇന്നും പറയാനുണ്ടുതാനും. കംപ്യൂട്ടർ ആധിപത്യം സ്ഥാപിക്കും വരെ അതു തുടർന്നു. കാലം മാറിയതോടെ ടൈപ്പ് റൈറ്റർ എന്ന ഉപകരണം പുരാവസ്തുവായി.
എന്നാലിതാ വൈക്കത്ത് അഞ്ച് പതിറ്റാണ്ടുകാലം മറ്റക്കാട്ട് നാരായണയ്യർ സ്വാമിയുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന കൈരളി സ്വാമി ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതലമുറയുടെ നേതൃത്വത്തിൽ പുനർജനിക്കുന്നു.
അച്ഛന്റെ പാരമ്പര്യം നിലനിറുത്താൻ മകൻ ലക്ഷ്മണയ്യരാണ് ഒൻപത് മെഷീനുകൾ സമ്പാദിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരത്തുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് മെഷീനുകൾ സംഘടിപ്പിച്ചത്. ഇംഗ്ലീഷും മലയാളവും അടങ്ങുന്ന ടൈപ്പ് റൈറ്റിംഗ് പഠനത്തിനായി യുവതലമുറയും എത്തി തുടങ്ങി. പരിശീലകനായി ലക്ഷ്മണയ്യരും ഭാര്യ വിദ്യയും രംഗത്തുണ്ട്.