ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ മണ്ഡല സമാപന ഉത്സവ ഭാഗമായുള്ള തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വഴിപാടായാണ് തിരുവാതിര കളിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്നു ടീമുകൾക്ക് യഥാക്രമം 10001, 5001, 2501, രൂപാ വീതം കാഷ് അവാർഡും നൽകുന്നുണ്ട്. ജാതി-മത ഭേദമെന്യേ പാരമ്പര്യത്തിരുവാതിര കളിക്കുന്ന ഏതു ടീമിനും വഴിപാടിൽ പങ്കെടുക്കാം. നെടുമാംഗല്യത്തിനും, തടസങ്ങളില്ലാതെ വേഗം വിവാഹം നടക്കാനുമാണ് സ്ത്രീകൾ കാവിൻപുറം ക്ഷേത്രത്തിൽ തിരുവാതിര വഴിപാടായി നടത്തുന്നത്.
പതിവായി തുലാം 1 മുതലാണ് ഒരുക്കങ്ങൾ തുടങ്ങുന്നത്. ഇതിനായി വിജയകുമാർ ചിറയ്ക്കൽ, ആർ. സുനിൽ കുമാർ, ജയചന്ദ്രൻ വരകപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിശ്വകർമ്മസഭ, വേലൻ മഹാജനസഭ, വണികവൈശ്യ സഭ എന്നീ സമുദായങ്ങളിലെ വനിതാപ്രതിനിധികൾ കുരവയിടീലിന്റെ അകമ്പടിയോടെയാണ് തിരുവാതിരകളി വഴിപാടിന് തിരി തെളിയ്ക്കുന്നത്. സ്‌കൂൾ, കോളജ് ടീമുകൾക്കും പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് ഓരോ വർഷവും വഴിപാടിൽ പങ്കെടുക്കാൻ അവസരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388797496, 9446 579399, 944730 9361 ഫോൺ നമ്പരുകളിൽ 30 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.