വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ അപകടനിലയിലായ അഞ്ചുമന പാലത്തിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ട് വെച്ചൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിനു സമീപം ഏകദിന ഉപവാസ സമരം നടത്തി. 1956ൽ നിർമ്മിച്ച പാലം കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ചിട്ട് ദീർഘകാലമായി. അടിഭാഗത്തെ ഇരുമ്പുപടികൾ ജീർണ്ണാവസ്ഥയിലാണ്. വൈക്കം കോട്ടയം, കുമരകം, ചേർത്തല, ആലപ്പുഴ മേഖലകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകുവാനുള്ള വീതിയേ പാലത്തിനുള്ളൂ. കഴിഞ്ഞ ദിവസം കണ്ടെയ്‌നർ ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകർന്നത് കൂടുതൽ ബലക്ഷയത്തിന് കാരണമായി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കൊച്ചുപോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി. ജോസഫ്, കോയാ യൂസഫ്, അഡ്വ. എ. സനീഷ് കുമാർ, അക്കരപ്പാടം ശശി, ബി. അനിൽകുമാർ, കെ. ആർ. ഷൈലകുമാർ, അഡ്വ. പി. ഐ. ജയകുമാർ, ജോജി ജോർജ്, എൽ. കാർത്തികേയൻ, ബാബു ഉമ്മർ, പി. ശിശുപാലൻ, ടി. ഒ. വർഗ്ഗീസ്, മണിലാൽ, ഭാവന തങ്കപ്പൻ, എം. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.