കോട്ടയം: ഒ.ബി.സി പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചതിലെ അപകാത തിരുത്തണമെന്നും ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള അതേ ആനുകൂല്യം പിന്നാക്ക സമുദായങ്ങൾക്കും ബാധകമാക്കണമെന്നും കേരള വിശ്വകർമ്മസഭ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 60 ശതമാനം മാർക്കും 6 ലക്ഷംരൂപ വാർഷിക വരുമാനവും നിശ്ചയിച്ചപ്പോൾ വിശ്വകർമ്മ, ഈഴവ, ഹിന്ദുനാടാർ വിഭാഗം കുട്ടികൾക്ക് 80 ശതമാനം മാർക്കും 2.5 ലക്ഷം വാർഷിക വരുമാനവുമാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇരട്ടനീതിയാണ്. വിവേചനപരമായ ഈ ഉത്തരവ് പിൻവലിക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ കോട്ടയത്ത് ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. സഭ രക്ഷാധികാരി കെ. രാമദാസൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ.കെ. ഹരി, ജനറൽ സെക്രട്ടറി എ.കെ. വിജയനാഥ്, അനിൽ കണ്ണങ്കര, ഗോപി പുന്നയം, രാജു കുന്നമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.