പാലാ : നഗരത്തിലെ വൈദ്യുതിവിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ട് നിർമ്മാണം തുടങ്ങിയ ഭൂഗർഭ വൈദ്യുതി കേബിൾ പദ്ധതിക്ക് കെ.എസ്.ടി.പിയുടെ സ്റ്റോപ്പ് മെമ്മോ. മുണ്ടുപാലം സബ് സ്റ്റേഷൻ മുതൽ അന്ത്യാളം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനാണ് നിർദ്ദേശം. ഒന്നേകാൽ കോടി മുടക്കിയുള്ള പദ്ധതിയുടെ 60 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായപ്പോഴാണ് കെ.എസ്.ടി.പിയുടെ നടപടി. തങ്ങളുടെ അധീനതയിലുള്ള റോഡിൽ അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്നാണ് കെ.എസ് ടി.പി പറയുന്ന ന്യായം.

പദ്ധതിയ്ക്കായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് 84 ലക്ഷം പൊതുമരാമത്ത് വകുപ്പിന് കെ.എസ്.ഇ.ബി കൈമാറിയിരുന്നു. തുക കൈമാറുമ്പോഴും തങ്ങളുടെ കൈവശമില്ലാത്ത റോഡാണിതെന്ന് കെ.എസ്.ഇ.ബിയെ അറിയിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. കെ.എസ്.ടി.പിയുടെ അവകാശ വാദങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂഗർഭ കേബിൾ പദ്ധതി ഒക്ടോബർ 31നകം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കെ.എസ്.ഇ.ബി.

പദ്ധതി ചെലവ് : ഒന്നേകാൽ കോടി

പൂർത്തിയായത് : 60 ശതമാനം

വിചിത്രവാദവുമായി കെ.എസ്.ടി.പി