എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം, മതമൈത്രിയുടെ സംഗമവേദി അങ്ങനെ എരുമേലിക്ക് വിശേഷണങ്ങൾ നിരവധിയാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് ഈ കൊച്ചുപട്ടണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇത്തവണയും മണ്ഡല-മകരവിളക്ക് സീസണിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ വലയ്ക്കുമെന്ന് ഉറപ്പാണ്. അവലോകനയോഗങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.
ദേവസ്വം കുളിക്കടവ്
എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ കുളിക്കടവിൽ കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണ്ണ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് തീർത്ഥാടകർ പേട്ടതുള്ളൽ കഴിഞ്ഞ് ഇവിടെയാണ് കുളിക്കുന്നത്. ആര് മണൽ നീക്കം ചെയ്
യുമെന്നതാണ് പ്രധാനതർക്കം.
കൈവരി തകർന്നു
ഓരുംകൽ കടവിലെ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് ഒരു വർഷമായി. നിലവിൽ മുളങ്കമ്പ് നാട്ടിയിരിക്കുകയാണ്. ആയിരക്കണക്കിന് തീർത്ഥാടക വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. അടിയന്തിരമായി കൈവരികൾ നിർമ്മിക്കണമെന്നാണ് ആവശ്യം.
റോഡുകൾ തകർന്ന് തന്നെ
പേട്ടതുള്ളൽ പാതയിലും, എരുമേലി കരിങ്കല്ലുംമൂഴി, പ്ലാച്ചേരി വരെയുള്ള ഭാഗങ്ങളിലും റോഡ് തകർന്ന് തരിപ്പണമായിരിക്കുകയാണ്. വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഗതാഗതതടസവും പതിവാണ്. കരിമ്പിൻതോട് ഭാഗത്തു ദേശീയപാതയിൽ കലുങ്ക് തകർന്നത് അപകടങ്ങൾക്കിടയാക്കും. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും തീർത്ഥാടന തിരക്കേറിയാൽ ശ്രദ്ധ വേണ്ടിവരും. ബസ് സ്റ്റാൻഡ് റോഡിലെ ഓട നിർമ്മാണവും ഇഴഞ്ഞു നീങ്ങുകയാണ്. കാന നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും സ്ലാബിട്ട് മൂടാത്തത് അപകടമുണ്ടാക്കുന്നുണ്ട്.
കുടിവെള്ളം മുട്ടുമോ
ദേശീയപാത വിഭാഗവും വാട്ടർഅതോറിറ്റിയും തമ്മിലുള്ള തർക്കം കുടിവെള്ളം മുട്ടിക്കലിലേക്ക് എത്തിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലും തർക്കം രൂക്ഷമായിരുന്നു. ദേശീയപാതയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ സ്ഥിതി ചെയ്യുന്ന ഭാഗം കുഴിക്കാൻ അനുമതി ലഭ്യമാകാത്തതാണ് ജലവിതരണത്തിന് തടസമുണ്ടാകാൻ കാരണമായി പറയുന്നത്.
ഒറ്റ മഴയിൽ ഇരുട്ട്
ഒരു മഴവന്നാൽ എരുമേലി ഇരുട്ടിലാകും. പുതിയ 110 കെ.വി സബ്‌സ്റ്റേഷൻ വന്നപ്പോൾ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ് ചെയ്ത്. ടൗണിൽ വൈദ്യുതിമുടക്കം ഇപ്പോൾ തുടർക്കഥയാണ്.
പകർച്ചവ്യാധി പ്രതിരോധം
ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ശുദ്ധത ഉറപ്പുവരുത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാദ്ധ്യതയേറെയാണ്. കഴിഞ്ഞ വർഷം നിരവധിപ്പേർക്ക് വയറിളക്കവും മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു.
കെ.എസ്.ആർ.ടി.സി
ശബരിമല സീസണിൽ ദിവസം നൂറുകണക്കിന് സർവീസുകൾ കൈകാര്യം ചെയ്യുന്ന കെ.എസ്.ആർ.ടി.സി ക്ക് സ്വന്തമെന്ന് അവകാശപ്പെടാനുള്ളത് പാതയോരത്തെ കുറച്ച് പുറമ്പോക്ക് ഭൂമിയാണ്. 100 യാത്രക്കാർക്ക് വിശ്രമിക്കാവുന്ന കാത്തിരിപ്പുകേന്ദ്രം പോലുമില്ല. കെ.എസ്.ആർ.ടി.സി കൊള്ളലാഭം കൊയ്യുന്ന ചാകരക്കാലമാണ് ശബരിമല സീസൺ. എന്നിട്ടും നല്ലൊരു ഡിപ്പോയും അനുബന്ധ സൗകര്യവുമൊരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
ഓക്സിജൻ സിലിണ്ടർ അപര്യാപ്തത
കാനനപാതയിൽ ഓക്‌സിജൻ സിലണ്ടർ ഉറപ്പുവരുത്തേണ്ടതുണ്ട്. മുൻവർഷം 45 വയസുള്ള തീർത്ഥാടകൻ കാനനപാതയിൽ ശ്വാസം കിട്ടാതെ വന്നു ഒരു ഡോക്ടറുടെ മടിയിൽ കിടന്നാണ് മരിച്ചത്. നിസഹായനായ ഡോക്ടർ ഡ്യൂട്ടി ഉപേക്ഷിച്ചു പോയത് പിന്നാമ്പുറമാണ്. ആറുലക്ഷത്തോളം രൂപ ആരോഗ്യവകുപ്പിൽ നിന്ന് എരുമേലി ഗവ.ആശുപത്രിക്ക് ലഭ്യമാകാനുണ്ട്.
പിൽഗ്രിം അമിനിറ്റി സെന്റർ പ്രവർത്തനക്ഷമമാക്കണം
തീർത്ഥാടകർക്ക് ആവശ്യത്തിന് ശൗചാലയമില്ല