പാലാ : ഒരു പുഴയുടെ പുനർജ്ജനിക്കായി പൊലീസും നാട്ടുകാരും കൈകോർത്ത മനോഹരമായ ചടങ്ങു കണ്ടപ്പോൾ ഡെന്മാർക്ക് സ്വദേശികളായ ഡോ.ഗിനിക്കും, കൂട്ടുകാരി ക്രിസ്റ്റ്യനും കൗതുകം, ഒപ്പം ആഹ്ലാദവും. ; ' വാട്ട് എ വണ്ടർ ഫുൾ പ്രോഗ്രാം: ... വി.ആർ വെരി ഹാപ്പി ടു അറ്റൻഡ് ദി പ്രോഗ്രാം ' ഇരുവരും പറഞ്ഞു. കാവാലിപ്പുഴക്കടവിൽ നടന്ന 'പുഴയ്‌ക്കൊരു പുനർജ്ജനി ' പരിപാടിയിൽ യാദൃശ്ചികമായാണ് ഇരുവരും പങ്കെടുത്തത്. ഫോട്ടോഗ്രാഫറും ടൂറിസ്റ്റു ഗൈഡുമായ രമേശ് കിടങ്ങൂരിന്റെ ആതിഥ്യം സ്വീകരിച്ച് ഒരാഴ്ച മുമ്പാണ് ഡോ.ഗിനിയും സുഹൃത്തും, മെഡിക്കൽ വിദ്യാർത്ഥിനിയുമായ ക്രിസ്റ്റ്യനും കേരളത്തിലെത്തിയത്.
എ.ഡി.ജി.പി ഡോ.ബി.സന്ധ്യയും, വിജിലൻസ് എസ്.പി. വി.ജി.വിനോദ് കുമാറും, ജില്ലാ പൊലീസ് ചീഫ് പി.എസ്. സാബുവുമൊക്കെ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഡോ.ഗിനിയും ക്രിസ്റ്റ്യനും സദസിലെത്തിയത്. ഒരു പൊലീസുകാരനെ വിട്ട് ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച എസ്.പി വി.ജി.വിനോദ് കുമാർ, തന്റെ പ്രസംഗത്തിനിടെ ഇവരെ പേരെടുത്ത് അഭിസംബോധന ചെയ്ത്, 'പുഴയ്‌ക്കൊരു പുനർജ്ജനി ' പദ്ധതിയെക്കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു കൊടുത്തു. നാട്ടുകാർക്കും, വിശിഷ്ടാതിഥികൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇരുവരും മൂന്നാറിലേയ്ക്ക് യാത്ര തിരിച്ചു. തേക്കടിയും, വർക്കലയും കൂടി സന്ദർശിച്ച് 21 ന് ഡെന്മാർക്കിലേക്ക് പോകും.