കോട്ടയം: പത്തു ദിവസം നീണ്ടുനില്ക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകമേള നവംബർ ഒന്നിന് ആരംഭിക്കും. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ ഇന്ത്യയിലും വിദേശത്തും നിന്നുള്ള ഇരുനൂറോളം പ്രസാധകർ പങ്കെടുക്കും.
എം.ജി സർവകലാശാല, ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ദർശന മേള സംഘടിപ്പിച്ചിട്ടുള്ളത്. സാഹിത്യ സംവാദങ്ങൾ, സെമിനാറുകൾ, സാഹിത്യ, സാസ്കാരിക നേതാക്കളുമായുള്ള അഭിമുഖങ്ങൾ, ചർച്ചകൾ, സിപോസിയങ്ങൾ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. പ്രമുഖ പ്രസാധകരുടെ പുസ്തക പ്രകാശനങ്ങൾ, സാഹിത്യകാരന്മാർ സ്വന്തം കൃതികളിൽ കൈയ്യൊപ്പ് നല്കുന്ന ചടങ്ങുകൾ, പുസ്തക ചർച്ചകൾ, നിമിഷ കവിതാ രചനാ മത്സരം, വിദ്യാർത്ഥികൾക്കായുള്ള വിവിധതരം മത്സരങ്ങൾ, കാർട്ടൂൺ ശിൽപശാലകൾ, ഫോട്ടോ പ്രദർശനം തുടങ്ങിയവയും മേളയിലുണ്ടാവും. മഹാത്മാഗാന്ധി സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ള വിവിധ ദേശീയ പുസ്തക അവാർഡുകൾ മേളയിൽ വിതരണം ചെയ്യും.