കോട്ടയം: പൂജാ അവധിക്കു പിറകേ ദീപാവലിയും അടുത്തതോടെ ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് ഹൗസ് ബോട്ട് മേഖലയിൽ ഉണർവായി. ഉത്തരേന്ത്യൻ ടൂറിസ്റ്റുകളാണ് കൂടുതൽ എത്തുന്നത്. ദീപാവലി കഴിയുന്നതോടെ ടൂറിസം സീസൺ ആകും. വിദേശ സഞ്ചാരികളുടെയും വരവാകും. കഴിഞ്ഞ പ്രളയകാലത്തെ നഷ്ടം ഇതോടെ നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് മേഖല .
തിരക്ക് ഏറിയതോടെ നിരക്കിലും വർദ്ധനവായി. എല്ലാ പാക്കേജിനും ശരാശരി ആയിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.
ശിക്കാര ബോട്ടുകളും ലഭ്യമാണ്. മണിക്കൂറിന് 600 മുതൽ 1000 രൂപ വരെയാണ് നിരക്ക് . വിശ്രമിക്കാൻ മുറികളില്ലെങ്കിലും ശൗചാലയം ഉണ്ടാവും. ഭക്ഷം ഉണ്ടാക്കാൻ സൗകര്യമില്ലാത്തതിനാൽ പുറത്ത് നിന്ന് ഭക്ഷണമെത്തിച്ച് കൊടുക്കും. ശിക്കാര വള്ളം പാതിരാമണൽ അടക്കം കായൽ തീരങ്ങളിൽ അടുക്കും . വലിയ ഹൗസ് ബോട്ടുകൾക്ക് പാതിരാമണലിൽ അടുക്കാൻ സൗകര്യമില്ല . 50 പേർക്ക് കയറാവുന്ന ശിക്കാര വള്ളങ്ങൾ ഇപ്പോൾ കുമരകത്തുണ്ട്.
പ്ളാസ്റ്റിക് മാലിന്യമാണ് ഹൗസ് ബോട്ട് മേഖല നേരിടുന്ന പ്രശ്നങ്ങളിലൊന്ന് . പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉത്പ്പന്നങ്ങളും പൊടിച്ചു കളയാൻ കഴിയുന്ന സംസ്കരണ പ്ലാന്റ് കുമരകത്ത് വന്നാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാകൂ. വേമ്പനാട്ടുകായൽ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ച് ലംംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി ഉണ്ടാകണം
രണ്ട് കിടപ്പു മുറികളുള്ള ഹൗസ് ബോട്ടിന് 10000 രൂപ
ഒരു രാത്രിയും പകലും 2 കുടുംബങ്ങളിലെ നാല് പേർക്ക്
കരിമീനടക്കം മൂന്നു നേരം ഭക്ഷണം അടങ്ങുന്ന പാക്കേജ്.
ഉത്തരേന്ത്യൻ വിഭവങ്ങൾ ആവശ്യപ്പെടുന്നവർക്ക് നൽകും
ഒരു മുറിമാത്രമുള്ള ബോട്ടിന് 7500 രൂപയാണ് പാക്കേജ്
ഒരാൾക്ക് മണിക്കൂറിന് 1250 രൂപയ്ക്കും ബോട്ട് ലഭിക്കും
കുമരകം മേഖലയിൽ
ഹൗസ് ബോട്ടുകൾ
1000
ശിക്കാര ബോട്ട്
500
വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാതിരിക്കാൻ പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി കായലിൽ എറിയരുതെന്ന നിർദ്ദേശം ടൂറിസ്റ്റുകൾക്ക് നൽകിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിൽ ഈ വിവരം പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപയോഗിച്ച കുപ്പികൾ ചാക്കിലാക്കി ബോട്ടുകളിൽ സൂക്ഷിക്കുകയാണ് . ഇവ സംസ്കരിക്കാൻ സൗകര്യമില്ലാത്തതാണ് പ്രശ്നം.
-ഹണി ഗോപാൽ
സെക്രട്ടറി ഹൗസ്ബോട്ട് ഓണേഴ്സ് സൊസൈറ്റി കുമരകം